ആലപ്പുഴ: മുൻസർക്കാരിന്റെ നവകേരളസദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു. നേതാക്കളെ ആലപ്പുഴയിൽ മർദിച്ച കേസിൽ, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാജീവനക്കാരുൾപ്പെടെ അഞ്ചുപേരെ പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കോടതിയിൽ റിപ്പോർട്ടു നൽകി.
ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടിപോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ പ്രതികളാക്കിയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ടു നൽകിയത്.
ആദ്യം സന്ദീപിനും അനിൽകുമാറിനും എതിരേയായിരുന്നു കേസ്. പുതുതായി മൂന്നുപേരെക്കൂടി പ്രതി ചേർത്തു. അംഗരക്ഷകരുടെ ഭാഗത്തുനിന്ന് ചട്ടവിരുദ്ധ െപരുമാറ്റമുണ്ടായെന്നും ഇതു വലിയ വീഴ്ചയാണെന്നും ഇവർക്കെതിരേ വകുപ്പുതല നടപടി വേണമെന്നുള്ള ശുപാർശയും റിപ്പോർട്ടിലുണ്ടെന്ന് അറിയുന്നു.
നവകേരളസദസ്സിന്റെ ബസ് കടന്നുപോയപ്പോൾ, ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ പ്രതിഷേധിച്ച നേതാക്കളെ ലോക്കൽ പോലീസിന്റെ മുന്നിൽ വെച്ചാണു മർദിച്ചത്. ബസിനു പിന്നാലെ വന്ന കാറിൽനിന്ന് ചാടിയിറങ്ങിയ സുരക്ഷാ ജീവനക്കാർ ഇവരെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കു നിയന്ത്രിക്കാവുന്ന തരത്തിലായിരുന്നു പ്രതിഷേധം. എന്നിട്ടും അവരെ മറികടന്ന് മർദിക്കുകയായിരുന്നു. ഇത്, പോലീസിന് അവമതിപ്പുണ്ടാക്കുന്നതും നടപടിക്രമങ്ങൾക്കു വിരുദ്ധമാണെന്നും എസ്.ഐ.ടി. വിലയിരുത്തി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടി ഉടൻ ഉണ്ടായേക്കാം. അടുത്തദിവസം ഡി.ജി.പി.ക്കും റിപ്പോർട്ട് നൽകും. ആഭ്യന്തരവകുപ്പാകും അതിൽ നടപടിയെടുക്കുക.
2023 ഡിസംബർ 15-നായിരുന്നു സംഭവം. ആലപ്പുഴ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണു മർദനമേറ്റത്.
യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറിയശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസ് പുനരന്വേഷിക്കാൻ തീരുമാനിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
സംഘം സാക്ഷികളുടെയും ഇരകളുടെയും മൊഴിയെടുക്കുകയും തെളിവുകളുടെ ശാസ്ത്രീയപരിശോധനാഫലങ്ങൾ പരിശോധിക്കുകയും ചെയ്തു.
എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തി. അക്രമദൃശ്യങ്ങൾ പകർത്തിയ ജയ്ഹിന്ദ് ടി.വി. കാമറാമാന്റെ മൊഴിയും രേഖപ്പെടുത്തി. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽനിന്നും വിവരം ശേഖരിച്ചു.
ആദ്യ അന്വേഷണം അട്ടിമറിക്കാൻ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ ഉന്നതതല പോലീസ് ഗൂഢാലോചന നടന്നതായും എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കെതിരേയുള്ള പോലീസിന്റെയും ഇടതുയുവജന സംഘടനകളുടെയും പ്രതിരോധത്തെ ‘രക്ഷാപ്രവർത്തനം’ എന്നാണ് പിണറായി വിജയൻ അന്നു വിശേഷിപ്പിച്ചത്.
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസേനയിലുണ്ടായിരുന്ന എസ്. സന്ദീപും അനിൽകുമാറും ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനു മുൻപാകെ മുൻകൂർ ജാമ്യാപേക്ഷ നൽകി. മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കുകയെന്ന ജോലിയാണു ചെയ്തത്.
മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ജോലി പ്രശ്നമാകുമായിരുന്നെന്നും അഡ്വ. ബി. ശിവദാസ് മുഖേന നൽകിയ ഹർജിയിൽ പറയുന്നു. അറസ്റ്റിലായി 48 മണിക്കൂർ റിമാൻഡിലായാൽ ജോലി നഷ്ടപ്പെടുമെന്നും ഹർജിയിലുണ്ട്. ഇത് 26-നു പരിഗണിക്കും.


