കൊച്ചി:കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്‍റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ നാറാത്ത്, മേലൂർ ഗ്രാമങ്ങൾ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട മാനസയും രഖിലും അടുത്ത സുഹൃത്തുക്കളായെങ്കിലും വൈകാതെ അകലുകയായിരുന്നു. രഖിൽ പിന്നീടും ബന്ധം തുടരാൻ നിർബന്ധിച്ചതോടെ പൊലീസ് ഇടപെട്ടാണ് കഴിഞ്ഞമാസം പ്രശ്നങ്ങൾ തീർത്തത്.
വൈകുന്നേരം ആറ്മണിയോടെയാണ് മകൾ കൊല്ലപ്പെട്ട വിവരം അച്ഛൻ മാധവനോടും അമ്മ സബീനയോടും വളപട്ടണം ഇൻസ്പെക്ടർ പറഞ്ഞത്. മാതാപിതാക്കൾ അലമുറയിട്ട് കരഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ കോതമംഗലത്തേക്ക് തിരിച്ചു. മാനസയുടെ വീടായ നാറാത്തും രഖിലിന്റെ വീടായ മേലൂരും തമ്മിൽ 25 കിലോമീറ്റർ ദൂരമുണ്ട്.
ഇൻസ്റ്റഗ്രാമിലൂലെ പരിചയപ്പെട്ട ഇരുവരും പിന്നീട് അടുപ്പത്തിലായി. ബന്ധം ഉലഞ്ഞ ശേഷവും രഖിൽ പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി. ഇതോടെ മാനസ അച്ഛനോട് വിവരങ്ങൾ പറഞ്ഞു. കുടുംബം കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ പിപി സദാനന്ദന് പരാതി നൽകി. ഇരു കുടുംബങ്ങളെയും പൊലീസ് വിളിപ്പിച്ചു
കേസെടുക്കേണ്ടെന്നും ഇനി പ്രശ്നങ്ങളുണ്ടാക്കില്ലെന്നും രഖിലിൽ നിന്ന് ഉറപ്പ് കിട്ടിയാൽ മതിയെന്നാണ് മാനസയുടെ കുടുംബം ആവശ്യപ്പെട്ടത്. രഖിൽ സമ്മതിച്ചതോടെ ഇവർ രമ്യതയിൽ പിരിഞ്ഞു. മേലൂരിൽ ചെമ്മീൻ കൃഷി ചെയ്യുന്ന കുടുംബമാണ് രഖിലിന്റെത്. ഇന്റീയിൽ ഡിസൈൻ ചെയ്യുന്ന ഇയാൾക്ക് നാട്ടിൽ അധികം ബന്ധങ്ങളില്ല. രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്ന നിന്ന് കിട്ടിയെന്ന പരിശോധന പൊലീസ് ആരംഭിച്ചു.