ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ബാറ്റര്‍മാരും ബൗളര്‍മാരും നിറഞ്ഞാടിയപ്പോള്‍ രാജസ്ഥാന് റോയല്‍സിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണും കൂട്ടരും സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിന് തോല്പിച്ചു. രാജസ്ഥാന്റെ 203 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് ടീമിന് 20 ഓവറില്‍ 8 വിക്കറ്റിന് 131 എടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാനായി യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 17 റണ്‍സിന് നാല് പേരെ പുറത്താക്കി. ബോള്‍ട്ട് രണ്ടും ഹോള്‍ഡറും അശ്വിനും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ ഇരട്ട വിക്കറ്റുമായി ട്രെന്‍ഡ് ബോള്‍ട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദിന് കനത്ത പ്രഹരം നല്കി. അക്കൗണ്ട് തുറക്കും മുന്നേ അഭിഷേക് ശര്‍മ്മയും രാഹുല്‍ ത്രിപാഠിയും പുറത്താകുമ്പോള്‍ ടീം സ്കോറും പൂജ്യം. കോടികള്‍ മുടക്കി കൊണ്ടുവന്ന ഹാരി ബ്രൂക്കും(13) പ്രതീക്ഷ കാത്തില്ല. യുസ്വേന്ദ്ര ചഹലിനായിരുന്നു വിക്കറ്റ്. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറിനെ(1) ജേസന്‍ ഹോള്‍ഡറും ഗ്ലെന്‍ ഫിലിപ്സിനെ(8) രവിചന്ദ്ര അശ്വിനും മായങ്ക് അഗര്‍വാളിനെ(27) ചഹലും മടക്കിയതോടെ സണ്‍റൈസേഴ്സ് 11 ഓവറില്‍ 52-6 എന്ന നിലയില്‍ തകര്‍ന്നു.
പിന്നാലെ 18 റണ്‍സെടുത്ത ആദില്‍ റഷീദിനെ ചാഹലിന്റെ പന്തില്‍ ക്രീസ് വിട്ടിറങ്ങിയതിന് സഞ്ജു സ്റ്റംപ് ചെയ്തു. ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും 10 പന്തില്‍ 6 റണ്‍സെടുത്ത് നില്‍ക്കേ ചഹല്‍ ബൗള്‍ഡാക്കി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ അബ്ദുല്‍ സമദും(32 പന്തില്‍* 32), ഉമ്രാന് മാലിക്കും(8 പന്തില്‍* 19) പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍മാരായ ജോസ് ബട്ലറുടെയും യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റേയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ബട്ലര് 22 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ യശസ്വി 37 പന്തില്‍ 54ഉം സഞ്ജു 32 പന്തില്‍ 55 റണ്‍സും പേരിലാക്കി. പുറത്താകാതെ 16 പന്തില്‍ 22* എടുത്ത ഷിമ്രോന്‍ ഹെറ്റ്മെയര്‍ അവസാന ഓവറുകളില്‍ നിര്‍ണായകമായി.
ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ തുടക്കത്തിലെ ആഞ്ഞടിച്ച ബട്ലര്-യശസ്വി വെടിക്കെട്ട് തുടരുകയായിരുന്നു സഞ്ജു സാംസണ്. ഓപ്പണിംഗ് വിക്കറ്റില്‍ ബട്ലര്-യശസ്വി സഖ്യം 5.5 ഓവറില്‍ 85 റണ്‍സ് ചേര്‍ത്തു. ബട്ലര് പുറത്തായ ശേഷം യശസ്വിയും ഫിഫ്റ്റി തികച്ചെങ്കിലും ദേവ്ദത്ത് പടിക്കലും(2), റിയാന്‍ പരാഗും(7) വേഗം മടങ്ങി. ഹെറ്റ്മെയറിനൊപ്പം രവിചന്ദ്രന്‍ അശ്വിന് 1* പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഫസല്‍ഹഖ് ഫാറൂഖിയും ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.