യുവാവ് സ്ത്രീ വേഷത്തിലെത്തി കടയുടമയായ സ്ത്രീയുടെ തലയ്ക്കടിച്ചു, ഗുരുതരപരിക്ക്; മോഷണശ്രമമെന്ന് പോലീസ്

തൃശൂര്‍: കുന്നത്തങ്ങാടിയില്‍ കടയില്‍ കയറി സ്ത്രീയുടെ തലയ്ക്കടിച്ച് പരിക്കേൽപിച്ച് യുവാവ്. തുണിക്കടയില്‍ സ്ത്രീവേഷത്തില്‍ കയറിയ യുവാവ് കടയുടമയായ സ്ത്രീയെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അക്രമിയായ വെളുത്തൂര്‍ സ്വദേശി ധനേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ കടയുടമ രമയെ ആശുപത്രിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയോടെ സ്ത്രീവേഷത്തില്‍ കടയിലെത്തിയ യുവാവ് രമയുടെ തലയ്ക്കടിച്ച് പരിക്കേര്‍പ്പിക്കുകയായിരുന്നു. രമയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ കീഴ്‌പ്പെടുത്തി. രണ്ട് ദിവസമായി ഇയാള്‍ കടയുടെ പരിസരത്ത് കറങ്ങി നടന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

മോഷണശ്രമമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ പശ്ചാത്തലവും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News