രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവില്‍

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയില്‍ ആരാധകര്‍ തെരുവില്‍. ചെന്നൈ വള്ളുവര്‍കോട്ടത്താണ് ആരാധകരുടെ പ്രതിഷേധം. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമാകും. അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചത്.

രാഷ്ട്രീയപ്രവേശനം തമിഴ് സൂപ്പര്താരം രജനീകാന്ത് ഉപേക്ഷിച്ചെങ്കിലും ആരാധകര്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലുള്ള രജനി ആരാധകര്‍ ചെന്നൈ വള്ളുവര്‍ കോട്ടത്ത് രാവിലെ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചു. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ തെരുവിലുണ്ട്. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഒപ്പമുണ്ട്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത പോലീസ് സുരക്ഷയിലാണ് വള്ളുവര്‍ കോട്ടം.

പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചാരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തി. വള്ളൂര്‍ കോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നല്‍കിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത. അതേസമയം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതല്‍ ബൂത്ത് തല പ്രവര്‍ത്തനം സജീവമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അനാരോഗ്യം മൂലം തീരുമാനത്തില്‍ നിന്ന് രജനി പിന്നോട്ടു പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News