കോഴിക്കോട്: സി.പി.എം പ്രാദേശിക നേതാക്കളുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ച ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബന്ധുക്കള്‍ പിന്മാറി. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. രാജേഷിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കുടുംബം ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.
മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മൃതദേഹവുമായി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാജേഷ് ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് എലത്തൂരില്‍ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.