കിളിമാനൂർ: മധ്യവയസ്കയായ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരേറ്റിന് സമീപം പേടിക്കുളത്താണ് ഗ്യഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65), ഭാര്യ ശശികല(57) എന്നിവരാണ് മരിച്ചത്. ഭാര്യയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്നാണ് പോലീസ് ഭാഷ്യം.
വെള്ളിയാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് സംഭവം. രാജേന്ദ്രന്റെ മകൻ എറണാകുളത്താണ് താമസിക്കുന്നത്. തന്റെ വീട് വരെ ഉടൻ പോകണമെന്നും, അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നും അയൽവാസിയായ ഉണ്ണികൃഷ്ണനോട് മകൻ വിളിച്ച് പറഞ്ഞു. ഇയാൾ സുഹൃത്തിനെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. എത്ര വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല.
ഇതോടെ, കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് തകർത്ത് ആകത്തെന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിച്ചു. അകത്ത് മുഖത്ത് തലയിണയുമായി കട്ടിലിൽ കിടക്കുന്ന ശശികലയെ കണ്ടു. പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ കിളിമാനൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി നടത്തിയ പരിശോധനയിലാണ് ശശികലയെ കൊല്ലപ്പെട്ട നിലയിലും രാജേന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്.
രാജേന്ദ്രന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യഭാര്യ ഏഴുവർഷം മുൻപ് രോഗബാധിതയായി മരിച്ചു. അഞ്ചുവർഷം മുൻപാണ് വാവറയമ്പലം സ്വദേശിയായ ശശികലയെ വിവാഹം ചെയ്തത്. ശശികലയുടെ മൂന്നാമത്തെ വിവാഹമാണ് രാജേന്ദ്രനുമായി നടന്നത്.
ഇവർക്ക് മക്കളില്ല. അതേസമയം അടുത്തിടെ ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ പതിവായിരുന്നു. ആദ്യഭാര്യയിൽ രാജേന്ദ്രനുണ്ടായ മകനാണ് കൊച്ചിയിൽ താമസിക്കുന്നത്. വീട്ടിലെ കുടുംബവഴക്ക് ശ്രദ്ധയിൽ പെട്ട മകൻ അരുൺരാജ് വീട്ടിൽ നീരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് സംഭവദിവസം അച്ഛനും അമ്മയും വഴക്കുണ്ടാക്കുന്നതും, പ്രശ്നം രൂക്ഷമായതും മകൻ കണ്ടത്. തുടർന്നാണ് ഉണ്ണികൃഷ്ണനെ ബന്ധപ്പെട്ടത്.