കോട്ട (രാജസ്ഥാൻ):തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിലാണ് പുലർച്ചെ 5.15-ഓടെ രാജസ്ഥാനിലെ കോട്ടയ്ക്കടുത്ത് എ.സി. കോച്ചിൽ തീപ്പിടിത്തമുണ്ടായത് പലരും ഉറക്കത്തിലായിരിക്കേ. കോട്ടയിൽനിന്ന് 50 കിലോമീറ്റർ അകലെ വിക്രംഗഡ് അലോട്ട് റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. രത്‌ലാം ഡിവിഷന് കീഴിൽ വരുന്ന ഇടമാണിത്.
ബി-1 എ.സി. കോച്ചിലുണ്ടായിരുന്ന 68 യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിൽ ഒട്ടേറെ മലയാളികളുണ്ട്.
രാവിലെയോടെ എഴുന്നേറ്റ ഒരാൾ പുക ഉയരുന്നതുകണ്ട് ബി-1 കോച്ചിലുള്ള എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിൻ നിർത്തി യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആളപായമോ ആർക്കും പരിക്കുകളോ ഉണ്ടായില്ല. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രെയിനിൽനിന്ന് ഈ കോച്ച് വേർപെടുത്തുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കോച്ചുകൾ കത്തുന്നതിന്റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു.
ട്രെയിനിന്റെ കോച്ച് പൂർണമായി കത്തിനശിച്ചു. പലരുടെയും ലഗേജുകളും അഗ്നിക്കിരയായി. ട്രാക്കിന് സമീപമുള്ള മരങ്ങളിലേക്കും തീ പടർന്നിരുന്നു. അടുത്തുള്ള പാടങ്ങളിൽ ആളുകൾ വെച്ചിരുന്ന മോട്ടോറുകൾവെച്ചാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. അരമണിക്കൂർ കഴിഞ്ഞതോടെ ഫയർ എൻജിനുകളുമെത്തി. അപ്പോഴേക്കും കോച്ച് പൂർണമായി കത്തിക്കഴിഞ്ഞിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.
രത്ത്‌ലാം ഡിവിഷനിൽനിന്നുള്ള റെയിൽവേ ഡിവിഷൻ മാനേജരടക്കം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ലഗേജുകൾ കത്തിനശിച്ചതടക്കം യാത്രക്കാർക്ക് സംഭവിച്ച നഷ്ടങ്ങളുടെ കണക്കെടുക്കുന്നു. അഗ്നിക്കിരയായ പിറകിലെ കോച്ച് ഒഴിവാക്കി ട്രെയിൻ യാത്ര തുടരുമെന്നാണ് റിപ്പോർട്ട്. യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റുകയും യാത്ര തുടരാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. കോട്ട സ്റ്റേഷനിൽ എത്തിയ ശേഷം ട്രെയിനിൽ പുതിയ കോച്ച് ഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 12431 രാജധാനി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തേണ്ടതായിരുന്നു ഈ ട്രെയിൻ. ഏകദേശം 2,600 കിലോമീറ്റർ സഞ്ചരിച്ച ട്രെയിൻ ഡൽഹിക്ക് 450 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന പ്രധാന ട്രെയിനായതിനാൽ ഒട്ടേറെ മലയാളി യാത്രക്കാരാണ് അപകടത്തിൽപ്പെട്ട കോച്ചിലുണ്ടായിരുന്നത്. തീപിടിത്തത്തെ തുടർന്ന് ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. തീ പൂർണ്ണമായി അണച്ച ശേഷം ട്രാക്കിന്റെ സുരക്ഷ ഉറപ്പുവരുത്തി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ റെയിൽവേ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക നിഗമനം.
English Summary
A major disaster was averted after a fire broke out in the AC coach of the Thiruvananthapuram-Delhi Rajdhani Express near Kota in Rajasthan early Sunday morning. The incident occurred around 5:15 AM near the Vikramgarh Alot railway station under the Ratlam division when most passengers were asleep. An alert passenger noticed smoke in the B-1 coach and immediately informed others, allowing all 68 passengers, including several Keralites, to evacuate safely. Although the coach was completely gutted and many passengers lost their luggage, no casualties or injuries were reported. Railway officials detached the burning coach and cut power lines as part of safety protocols while firefighting units brought the blaze under control.


