കൊടുങ്കാറ്റായി വൈഭവ് ; പെരുമഴ പോലെ സിക്സറുകൾ, 3 റൺസ് അകലെ സെഞ്ചുറി നഷ്ടം; ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റൻ സ്‌കോർ

ഗാലറി നിറഞ്ഞ് വൈഭവിന്റെ സിക്സറുകൾ, 3 റൺസിന് സെഞ്ചുറി നഷ്ടം; രാജസ്ഥാന് കൂറ്റൻ സ്‌കോർ

മുല്ലൻപുർ: മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിന്റെ ആകാശത്തെ വൈഭവ് സൂര്യവംശിയെന്ന 15-കാരൻ പയ്യൻ സിക്‌സറുകളാൽ നിറച്ചപ്പോൾ ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു മുന്നിൽ കൂറ്റർ വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. വൈഭവിനൊപ്പം ധ്രുവ് ജുറെലും തിളങ്ങിയപ്പോൾ 20 ഓവറിൽ രാജസ്ഥാൻ അടിച്ചുകൂട്ടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 243 റൺസ്.

29 പന്തുകൾ നേരിട്ട വൈഭവ് 12 സിക്‌സറുകളാണ് പറത്തിയത്. അഞ്ച് ബൗണ്ടറികളും ബാറ്റിൽനിന്ന് പിറന്നു. സെഞ്ചുറിയിലേക്കെത്തുമെന്ന് കരുതിയിരിക്കെ 97 റൺസിൽ നിൽക്കെ എട്ടാം ഓവറിലെ അവസാന പന്തിൽ പ്രഫുൽ ഹിംഗെയുടെ പന്തിൽ താരം പുറത്താകുകയായിരുന്നു.

രാജസ്ഥാൻ ഇന്നിങ്‌സിന്റെ തുടക്കം മുതൽ വൈഭവ് നിറഞ്ഞാടുകയായിരുന്നു. ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസ് എറിഞ്ഞ മൂന്നാം ഓവറിൽ 25 റൺസടിച്ചാണ് വൈഭവ് താളം കണ്ടെത്തുന്നത്. വെറും 16 പന്തിൽ അർധ സെഞ്ചുറി തികച്ച വൈഭവ് അതിനോടകംതന്നെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകളെന്ന റെക്കോഡും സ്വന്തം പേരിലാക്കി. 2012 സീസണിൽ ക്രിസ് ഗെയ്ൽ കുറിച്ച 59 സിക്‌സറുകളെന്ന നേട്ടമാണ് കുട്ടിത്താരം മറികടന്നത്. സീസണിൽ വൈഭവിന്റെ പേരിൽ 65 സിക്‌സറുകളാണ്. ഗെയ്ൽ ഈ റെക്കോഡിടുമ്പോൾ വെറും ഒരുവയസ്സ് മാത്രമാണ് വൈഭവിന്റെ പ്രായം. ഐപിഎൽ നോക്കൗട്ടിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയെന്ന റെക്കോഡും വൈഭവ് സ്വന്തം പേരിലെഴുതിച്ചേർത്തു. ഇത് അഞ്ചാം തവണയാണ് താരം 20 പന്തിനുള്ളിൽ 50 തികയ്ക്കുന്നത്.

യശസ്വി ജയ്‌സ്വാളിനൊപ്പം വെറും 48 പന്തിൽനിന്ന് 125 റൺസിന്റെ കൂട്ടികെട്ടുണ്ടാക്കിയ ശേഷമാണ് വൈഭവ് മടങ്ങിയത്. വൈകാതെ 29 പന്തിൽ 29 റൺസുമായി ജയ്‌സ്വാൾ പുറത്തായി. എന്നാൽ, പിന്നാലെയെത്തിയ ധ്രുവ് ജുറെൽ തകർത്തടിച്ചതോടെ രാജസ്ഥാന്റെ സ്‌കോർ പിന്നെയും കുതിച്ചു. വെറും 21 പന്തുകൾ നേരിട്ട ജുറെൽ മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്താണ് പുറത്തായത്. ക്യാപ്റ്റൻ റിയാൻ പരാഗ് 12 പന്തിൽ 26 റൺസ് നേടി. എന്നാൽ, ഇരുവരും പുറത്തായതോടെ രാജസ്ഥാന്റെ സ്‌കോറിങ് റേറ്റ് താഴ്ന്നു. ഒരുഘട്ടത്തിൽ 270 കടക്കുമെന്ന് കരുതിയ രാജസ്ഥാന് ലോവർ മിഡിൽ ഓർഡറിന്റെ മോശം പ്രകടനമാണ് തിരിച്ചടിയായത്.

ഡോണോവൻ ഫെരെയ്‌ര (12), ദസുൻ ഷനക (5), ജോഫ്ര ആർച്ചർ (4), രവീന്ദ്ര ജഡേജ (12*) എന്നിവർക്കൊന്നുംതന്നെ അവസാന ഓവറുകളിൽ സ്‌കോർ ഉയർത്താനായില്ല. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News