31.7 C
Kottayam
Sunday, May 12, 2024

രാഹുലിനെ വീഴ്ത്തി സഞ്ജു; ലഖ്‌നൗവിനെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

Must read

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരായ ക്യാപ്റ്റന്‍മാരുടെ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം. റണ്‍ ചേസിങ്ങില്‍ കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ ജയം. രണ്ട് ടീമിലും ഏറ്റവും മികച്ച പ്രകടനം നടത്തിയതും അതത് ക്യാപ്റ്റന്‍മാരായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ചുറിയാണ് (48 പന്തില്‍ 76) ലഖ്‌നൗ ഇന്നിങ്‌സിനു കരുത്തായതെങ്കില്‍, സഞ്ജു സാംസന്റെ അര്‍ധ സെഞ്ചുറിയാണ് (33 പന്തില്‍ 71) രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. അര്‍ധ സെഞ്ചുറിയുമായി (34 പന്തില്‍ 52) ധ്രുവ് ജുറേല്‍ സഞ്ജുവിന് കൂട്ടുനിന്നു.

ലഖ്‌നൗ ഉയര്‍ത്തിയ 196-നെതിരേ ബാറ്റേന്തിയ രാജസ്ഥാന് ജോഷ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ അഞ്ചോവറുകള്‍ അടിച്ചു തകര്‍ത്ത ഈ കൂട്ടുകെട്ട് യഷ് താക്കൂറെറിഞ്ഞ ആറാം ഓവറില്‍ പൊളിഞ്ഞു. താക്കൂറിന്റെ ലോ ഫുള്‍ടോസ് ആയി വന്ന പന്ത് ലെഗ്സ്റ്റമ്പില്‍ ചെന്നുപതിച്ച് ബട്‌ലറാണ് ആദ്യം മടങ്ങിയത്. 18 പന്തില്‍ 34 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഇതോടെ പവര്‍ പ്ലേ സ്‌കോര്‍ 60-1.

മാര്‍കസ് സ്‌റ്റോയിനിസ് എറിഞ്ഞ അടുത്ത ഓവറില്‍ യശസ്വി ജയ്‌സ്വാളും മടങ്ങി. 18 പന്തില്‍ 24 റണ്‍സാണ് സമ്പാദ്യം. റിയാന്‍ പരാഗും (11 പന്തില്‍ 14) പ്രതീക്ഷയുയര്‍ത്തുന്ന ഇന്നിങ്‌സ് കാഴ്ചവെച്ചില്ല. തുടര്‍ന്ന് ധ്രുവ് ജുറേലും സഞ്ജു സാംസണും ചേര്‍ന്നു നടത്തിയ മികച്ച ഇന്നിങ്‌സാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.

ഒന്‍പതാം ഓവറില്‍ ഒരുമിച്ച ഇരുവരും കളി ജയിക്കുംവരെ ക്രീസില്‍ തുടര്‍ന്നു. 121 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. നാല് സിക്‌സും ഏഴ്‌ ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സെങ്കില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ചേര്‍ന്നതാണ് ജുറേലിന്റെ ഇന്നിങ്‌സ്. ലഖ്‌നൗവിനുവേണ്ടി യഷ് താക്കൂര്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത മൊഹ്‌സിന്‍ ഖാനാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്.

നേരത്തേ ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും (76) ദീപക് ഹൂഡയുടെയും (50) അര്‍ധ സെഞ്ചുറികളാണ് ലഖ്‌നൗ സ്‌കോര്‍ ഉയര്‍ത്തിയത്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് (മൂന്ന് പന്തില്‍ എട്ട്) പുറത്തായി. സന്ദീപ് ശര്‍മയെറിഞ്ഞ അടുത്ത ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ഡക്കായി മടങ്ങി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റില്‍ 46 റണ്‍സാണ് ലഖ്‌നൗവിന്റെ സമ്പാദ്യം. തുടര്‍ന്ന് കെ.എല്‍. രാഹുലും ദീപക് ഹൂഡയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 12-ാം ഓവറില്‍ ദീപക് ഹൂഡ പുറത്തായി. അപ്പോഴേക്കും 31 പന്തുകളില്‍ ഏഴ് ബൗണ്ടറികളോടെ 50 റണ്‍സ് നേടിയിരുന്നു താരം.

പിന്നാലെ നിക്കോളാസ് പുരാനെത്തിയെങ്കിലും സന്ദീപ് ശര്‍മയുടെ പന്തില്‍ വിക്കറ്റ് കളഞ്ഞ് മടങ്ങി (11 പന്തില്‍ 11). 18-ാം ഓവറില്‍ കെ.എല്‍. രാഹുലും പുറത്തായി. ആവേശ് ഖാന്റെ പന്തില്‍ മടങ്ങുമ്പോള്‍ 48 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും സഹിതം 76 റണ്‍സ് നേടിയിരുന്നു. തുടര്‍ന്നുള്ള ഓവറുകളില്‍ ആയുഷ് ബദോനിയും (18) ക്രുണാല്‍ പാണ്ഡ്യയും (15) ചേര്‍ന്ന് സ്‌കോര്‍ 196-ലെത്തിച്ചു. ഇരുവരും പുറത്താവാതെ നിന്നു.

രാജസ്ഥാന്‍ നിരയില്‍ സന്ദീപ് ശര്‍മയാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്. നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. ട്രെന്റ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നാലോവറില്‍ 41 റണ്‍സ് വഴങ്ങിയ യുസ്‌വേന്ദ്ര ചാഹലിന് വിക്കറ്റ് ലഭിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week