മുംബൈ: ആവേശം അവസാന ഓവര്‍ വരെ നീണ്ട ഐപിഎൽ(IPL 2022) പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെ(Lucknow Super Giants) മൂന്ന് റണ്‍സിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals)ആവേശജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നിന്‍റെ ആദ്യ പന്തില്‍ ആവേശ് ഖാന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് മാര്‍ക്ക് സ്റ്റോയ്നിസിന് കൈമാറി.
എന്നാല്‍ അതുവരെ തകര്‍ത്തടിച്ച സ്റ്റോയ്നിസിന് രണ്ടാം പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും റണ്ണെടുക്കാനായില്ല. അഞ്ചാം പന്തില്‍ ബൗണ്ടറിയും ആറാം പന്തില്‍ സിക്സും നേടിയെങ്കിലും മൂന്ന് റണ്‍സിന്‍റെ ആവേശജയവുമായി രാജസ്ഥാന്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 165-6, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 162-8.
WHAT. A. GAME! 👌 👌@rajasthanroyals return to winning ways after edging out #LSG by 3 runs in a last-over finish. 👏 👏
— IndianPremierLeague (@IPL) April 10, 2022
Scorecard 👉 https://t.co/8itDSZ2mu7#TATAIPL | #RRvLSG pic.twitter.com/HzfwnDevS9
ലഖ്നൗവിന്‍റഖെ നടുവൊടിച്ച യുസ്‌വേന്ദ്ര ചാഹലിന്‍റെ ബൗളിംഗ് മികവില്‍ രാജസ്ഥാന്‍ കളി കൈയിലാക്കിയതായിരുന്നു. അവസാന മൂന്നോവറില്‍ 49 റണ്‍സായിരുന്നു ലഖ്നൗവിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ ചാഹല്‍ ചമീരയുടെ വിക്കറ്റ് വീഴ്തത്തിയെങ്കിലും രണ്ട് സിക്സ് അടക്കം 15 റണ്‍സ് വഴങ്ങി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ സ്റ്റോയ്നിസ് രണ്ട് സിക്സും ഒരു ഫോറും പറത്തി 19 റണ്‍സടിച്ച സ്റ്റോയ്നിസ് ലഖ്നൗവിന്‍റെ ജയത്തിലേക്കുള്ള ദൂരം അവസാന ഓവറില്‍ 15 റണ്‍സായി കുറച്ചു. എന്നാല്‍ പുതുമുഖത്തിന്‍റെ പതര്‍ച്ചയില്ലാതെ അവസാന ഓവര്‍ തകര്‍ത്തെറിഞ്ഞ കുല്‍ദീപ് സെന്‍ രാജസ്ഥാന് ജയം സമ്മാനിച്ചു.
166 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലഖ്നൗ ആദ്യ പന്തില്‍ തന്നെ ഞെട്ടി. ട്രെന്‍റ് ബോള്‍ട്ടിന്‍റെ ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ ക്യാപ്റ്റല്‍ കെ എല്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്. വണ്‍ ഡൗണായി ക്രീസിലെത്തിയ കൃഷ്ണപ്പ ഗൗതം അതേ ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ബോള്‍ട്ട് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് ലഖ്നൗവിന് കരകയറാനായില്ല. നാലാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറെ(8) വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ മൂന്നാം പ്രഹരമേല്‍പ്പിക്കുമ്പോള്‍ ലഖ്നൗ സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സെ ഉണ്ടായിരുന്നുള്ളു.
പിന്നീടായിരുന്നു ചാഹലിന് മുന്നില്‍ ലഖ്നൗ മുട്ടുമടക്കിയത്. ക്വിന്‍റണ്‍ ഡീകോക്ക്(32 പന്തില്‍ 39) പ്രതീക്ഷ നല്‍കി പിടിച്ചു നിന്നെങ്കിലും ആയുഷ് ബദോനി(5), ക്രുനാല്‍ പാണ്ഡ്യ(22), ദുഷ്മന്ത് ചമീര(13), ഡീ കോക്ക് എന്നിവരെ മടക്കി ചാഹല്‍ ലഖ്നൗസിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു. ലഖ്നൗവിനായി ചാഹല്‍ നാലോവറില്‍ 41 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് 30 റണ്‍സിന് രണ്ടും പ്രസിദ്ധ് 35 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷിമ്രോണ്‍ ഹെറ്റ്മെയറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ലഖ്നൗവിനായി കൃഷ്ണപ്പ ഗൗതമും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതമെടുത്തു.ദേവ്ദത്ത് പടിക്കലും ജോസ് ബട്‌ലറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞതാണ് രാജസ്ഥാന് തിരിച്ചടിയായത്. ബട്‌ലര്‍ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രണ്ട് ബൗണ്ടറിയുമായി നല്ല തുടക്കമിട്ടെങ്കിലും ജേസണ്‍ ഹോള്‍ഡറുടെ ഫുള്‍ട്ടോസില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 12 പന്തില്‍ 13 റണ്‍സാണ് സഞ്ജുവിന്‍റെ നേട്ടം.
പിന്നാലെ ദേവ്ദത്ത് പടിക്കലും(29 പന്തില്‍ 29) റാസി വാന്‍ഡര്‍ ഡസ്സനും(4) മടങ്ങിയതോടെ 67-4 എന്ന സ്കോറില്‍ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞു. അവസാന ഓവറുകള്‍ തകര്‍ത്തടിച്ച അശ്വിന്‍റെയും(23 പന്തില്‍ 28) ഹെറ്റ്മെയറുടെയും(36 പന്തില്‍ 59*) വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്. ആറ് സിക്സും ഒരു ഫോറും പറത്തിയാണ് ഹെറ്റ്മെയര്‍ 59 റണ്‍സടിച്ചത്. അവസാന മൂന്നോവറില്‍ മാത്രം രാജസ്ഥാന്‍ 50 റണ്‍സാണ് അടിച്ചു കൂട്ടിയത്. ലഖ്നൗവിനായി ജേസണ്‍ ഹോള്‍ഡറും കൃഷ്ണപ്പ ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍ ഒരു വിക്കറ്റെടുത്തു.