KeralaNews

പാക് തെരുവുകളിൽ പ്രതിഷേധം അലയടിയ്ക്കുന്നു, ഇമ്രാൻ ഖാൻ അനുകൂലികൾ പ്രക്ഷോഭത്തിലേക്ക്

കറാച്ചി: പാക്കിസ്ഥാനിൽ(pakistan) പ്രക്ഷോഭം തുടങ്ങി ഇമ്രാൻ ഖാൻ(imran khan) അനുകൂലികൾ. തെരുവിലിറങ്ങിയാണ് പ്രതിഷേധം(protest). കറാച്ചി,പെഷാവർ,ലാഹോർ അടക്കം 12 ന​ഗരങ്ങളിൽ ഇമ്രാൻ അനുകൂലികളുടെ പ്രകടനം നടക്കുകയാണ്. അതേസമയം മുഴുവൻ പാർട്ടി എംപിമാരേും രാജി വയ്പ്പിക്കാൻ ആണ് ഇമ്രാൻ ഖാൻ ആലോചിക്കുന്നത്. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻഖാൻ പുറത്താക്കപ്പെട്ടിരുന്നു. ഇന്ന് പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ ഇന്ന് തെരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി ചേരാനിരിക്കെയാണ് ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭം.പാകിസ്ഥാനിൽ സ്വാതന്ത്ര്യ സമരം വീണ്ടും ആരംഭിക്കുന്നുവെന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ശേഷമുള്ള ഇമ്രാന്‍ ഖാന്‍റെ ആദ്യ പ്രതികരണം
.
സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻഖാന്‍റെ പാർട്ടിയിൽ നിന്ന് വൈസ് ചെയര്‍മാന്‍ ഷാ മഹമ്മൂദ് ഖുറേഷിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്.രാവിലെ 11 മണിക്കാണ് ദേശിയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുക.

അതേ സമയം ഷഹബാസ് ഷെരീഫിന്റെ നോമിനേഷന്‍ തള്ളിയില്ലെങ്കില്‍ കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് പിടിഐ നേതാവും മുൻ വാർത്താവിതരണ മന്ത്രിയുമായ ഫഹദ് ചൗദരി ഭീഷണി മുഴക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി വിധി വരാനിരിക്കെയാണ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകാന്‍ ശ്രമം നടത്തുന്നത് എന്നാണ് ആരോപണം.

പാക്കിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡൻ്റാണ് മിയാ മുഹമ്മദ് ഷെഹബാസ് ശരീഫ്. നിലവിൽ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായിരുന്നു. 

1951 -ൽ ലാഹോറിൽ ജനനം. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജൻ. നവാസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത്, ഷഹബാസിന്റെ ശ്രദ്ധ  കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാക്ക് ഗ്രൂപ്പ് എന്ന സ്റ്റീൽ ഫാക്ടറിയുടെ നടത്തിപ്പിൽ മാത്രമായിരുന്നു. നവാസ് ശരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം  കുമിഞ്ഞുകൂടിയിരുന്നത് ഈ സ്ഥാപനത്തിലാണ് എന്നൊരു ആക്ഷേപം അന്ന് ഉയർന്നിരുന്നു. 1988 -ൽ ബിസിനസ് ഉപേക്ഷിച്ച് ഷെഹ്ബാസ് രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങുന്നു. അക്കൊല്ലമാണ് അദ്ദേഹം പഞ്ചാബ് പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് ജയിച്ചു കയറുന്നത്. 1990 -ൽ ആദ്യമായി നാഷണൽ അസംബ്ലിയിൽ എത്തുന്ന ഷെഹ്ബാസ്, 1993 -ൽ അസംബ്ലിയിൽ പ്രതിപക്ഷ നേതാവാകുന്നുണ്ട്. 1997 -ൽ അദ്ദേഹം ആദ്യമായി പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയാവുന്നു.

1999 -ൽ രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ഷെഹ്ബാസ് കുടുംബ സമേതം സൗദി അറേബ്യയിലേക്ക് കടക്കുന്നു. എട്ടുകൊല്ലത്തെ പലായനജീവിതത്തിനു ശേഷം 2007 -ൽ പാകിസ്താനിലേക്ക് മടങ്ങിയെത്തുന്ന ഷെഹ്ബാസ്  ആദ്യം 2008 -ലും പിന്നീട് 2013 ലും പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുന്നു. പ്രൊവിൻസിനെ ഏറ്റവും അധികകാലം ഭരിച്ചിട്ടുള്ള മുഖ്യമന്ത്രി ഷെഹ്ബാസ് ശരീഫ് ആണ്. എന്നാൽ, പഞ്ചാബ് ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയും ഷെഹ്ബാസ് തന്നെയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

മുഖ്യമന്ത്രി ആയ അന്നുതൊട്ടേ ആരോപണങ്ങളുടെ നിഴലിലായിരുന്നു ഷഹബാസ്. 1998 -ൽ ഭരണത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ, അഞ്ചു മദ്രസ്സ വിദ്യാർത്ഥികളെ എൻകൗണ്ടറിലൂടെ വധിക്കാൻ പോലീസിനോട് ഉത്തരവിട്ടു എന്ന ആക്ഷേപം അദ്ദേഹത്തിന് നേരെ ഉയർന്നു വന്നു. ഈ ആരോപണം ശരീഫ് അന്നും ഇന്നും നിഷേധിക്കുന്നുണ്ട്. പനാമ പേപ്പേഴ്സ് ചോർന്ന സമയത്ത് അതിലും ഷഹബാസ് ഷെരീഫിന്റെ പേരുണ്ടായിരുന്നു. എട്ട് ഓഫ്‌ഷോർ കമ്പനികൾ ഷെഹ്ബാസ് ശരീഫുമായി ബന്ധമുള്ളവയാണ് എന്നായിരുന്നു പനാമ പേപ്പേഴ്സ് സൂചിപ്പിച്ചത്.

2019 -ൽ പാകിസ്താനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വെളിപ്പെടുത്തിയത് കോടികൾ വിലമതിക്കുന്ന 23 അനധികൃത സ്വത്തുക്കൾ ആണ് ഷഹ്ബാസ് ശരീഫിന്റെയും മകന്റെയും പേരിൽ ഉള്ളത് എന്നാണ്. അന്ന് കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് NAB ഷെഹബാസിനെ അറസ്റ്റു ചെയ്ത് ആറുമാസത്തോളം ലാഹോർ ജയിലിൽ അടച്ചിരുന്നു.  എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടാണ് ഷെരീഫ് കുടുംബം കൈക്കൊണ്ടത്.  

അങ്ങനെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും, ഷഹബാസ് ശരീഫ് എന്നത് ഇന്ന് പാക് പ്രതിപക്ഷത്തിന്റെ പ്രധാന സ്വരങ്ങളിൽ ഒന്നാണ്. പാക് നാഷണൽ അസംബ്ലിയിലെ നിർണായകമായ 84 സീറ്റുകൾ ഇന്ന് ഷഹബാസിന്റെ നിയന്ത്രണത്തിലാണുള്ളത്. പ്രതിപക്ഷത്തെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയും ഷഹബാസിന്റെ പാക് മുസ്ലിം ലീഗ് നവാസ് തന്നെയാണ്. അതുതന്നെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിക്കപ്പെടാനുള്ള കാരണവും.

ഈ ഘട്ടത്തിൽ അവശേഷിക്കുന്നത് ഇമ്രാൻ ഖാന് പകരം  പ്രധാനമന്ത്രിക്കസേരയിൽ പ്രതിഷ്ഠിക്കപ്പെടാൻ ഷഹബാസ് ശരീഫ് യോഗ്യനാണോ എന്ന ചോദ്യമാണ്. മറ്റേതൊരു പാകിസ്താനി രാഷ്ട്രീയ നേതാവിനെയും പോലെ ഷഹബാസ് ഷെരീഫും അഴിമതി ആരോപണങ്ങളാൽ കളങ്കിതനാണ്. എന്നാൽ, മൂന്നു വട്ടം പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിൽ ഇരുന്നപ്പോഴും ഷഹബാസിന്റെ പ്രകടനം മറ്റു മൂന്നു പ്രൊവിൻസുകളുടെ മുഖ്യമന്ത്രിമാരെക്കാളും ഭേദമായിരുന്നു. ഈ നിമിഷം വരെയും പാക് സൈന്യത്തിന് അനഭിമതനല്ല, ഇതൊക്കെയും, ഷെഹ്‌ബാസിന് അനുകൂലമായ ഘടകങ്ങളാണ്. മാത്രവുമല്ല വിദേശ രാജ്യങ്ങളുമായി, വിശേഷിച്ച് ചൈനയും തുർക്കിയുമായി ഷെഹ്ബാസ് ഷെരീഫിന് ഊഷ്മളമായ ബന്ധങ്ങളാണുള്ളത്.  

വ്യക്തി/ രാഷ്ട്രീയ ഭൂതകാലങ്ങൾ എന്തൊക്കെയായിരുന്നാലും, പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുള്ളവർ എന്നും  സൈന്യത്തിന്റെ കളിപ്പാവകൾ മാത്രമായിരുന്നു. അതുകൊണ്ട് ഇപ്പോൾ ഇമ്രാൻ ഖാൻ മാറി ഷഹബാസ് ശരീഫ് വരുമ്പോഴും, കാര്യങ്ങൾ നടക്കാൻ പോവുന്നത് റാവൽപിണ്ടിയിലെ സൈനിക മേധാവികൾ നിശ്ചയിക്കുന്ന വഴിക്ക് മാത്രമാകും എന്നുറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker