കൊല്‍ക്കത്തയെ ആറുവിക്കറ്റിന് കീഴടക്കി രണ്ടാം വിജയം സ്വന്തമാക്കി രാജസ്ഥാന്‍

മുംബൈ:കളിയിൽ സ്ഥിരത ഇല്ലെന്ന വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് ചുട്ടമറുപടി നൽകി സഞ്ജു വി സാംസൺ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറു വിക്കറ്റ് വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 18.5 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.

സീസണില്‍ രാജസ്ഥാന്‍ നേടുന്ന രണ്ടാം വിജയമാണിത്. 41 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണിന്റെയും നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസിന്റെയും കരുത്തിലാണ് രാജസ്ഥാന്‍ വിജയം കൈക്കലാക്കിയത്. വളരെ ശ്രദ്ധയോടെ കളിച്ച സഞ്ജു, നായകന്റെ ഇന്നിങ്‌സ് മനോഹരമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ 21-ല്‍ നില്‍ക്കേ അഞ്ചു റണ്‍സെടുത്ത ജോസ് ബട്‌ലറെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി രാജസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. ബട്‌ലര്‍ക്ക് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. സഞ്ജു നന്നായി ബാറ്റ് ചെയ്തതോടെ സ്‌കോര്‍ കുതിച്ചു.

ബാറ്റിങ് പവര്‍പ്ലേയില്‍ 50 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. കരുതലോടെ സ്‌കോര്‍ ഉയര്‍ത്താനാണ് സഞ്ജുവും ദുബെയും ശ്രമിച്ചത്.കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News