നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു; രാജപ്പനും സഹോദരിയുമായുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്

കോട്ടയം: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച പണം ബന്ധുക്കള്‍ അപഹരിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. സഹോദരി പണം തിരികെ നല്‍കിയതോടെയാണ് രാജപ്പന്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു താനറിയാതെ സഹോദരി വിലാസിനി അഞ്ചു ലക്ഷം രൂപ പിന്‍വലിച്ചെന്നുള്ള പരാതി ജില്ലാ പോലീസ് ചീഫിനു രാജപ്പന്‍ നല്‍കിയത്. തുടര്‍ന്നു വിലാസിനിയ്ക്കെതിരെ അന്വേഷണം നടത്തിയെന്നും വിലാസിനി ഒളിവില്‍ പോയെന്നുമാണ് പോലീസ് അറിയിച്ചത്.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പിന്‍വലിച്ച തുക ബാങ്കില്‍ തിരികെ അടച്ചാണ് വിലാസിനി ഒത്തുതീര്‍പ്പിനു മുതിര്‍ന്നിരിക്കുന്നത്. മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പനെ തേടി നിരവധി സുമനുകളാണ് സഹായവുമായെത്തിയത്. സഹായം ലഭിച്ച പണം തന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലാണ് രാജപ്പന്‍ നിക്ഷേപിച്ചിരുന്നത്.

19 ലക്ഷം രൂപ തന്റെ അക്കൗണ്ടിലുള്ളതായി കണക്കുകൂട്ടിയിരുന്ന രാജപ്പന്‍ കഴിഞ്ഞ ദിവസം ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് അഞ്ചു ലക്ഷം രൂപയുടെ കുറവുള്ളതായി അറിയുന്നത്. തുടര്‍ന്നാണ് സഹോദരി വിലാസിനിയാണ് പണം പിന്‍വലിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ചു സഹോദരിയ്ക്കെതിരെ കുമരകം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

കേസുമായി രാജപ്പന്‍ മുന്നോട്ടു പോയതോടെ പണം തിരികെ നല്‍കാന്‍ തയാറാണെന്നു കഴിഞ്ഞ ദിവസം സഹോദരി രാജപ്പനെ അറിയിച്ചു. പണം തിരികെ ലഭിച്ചാല്‍ ഒത്തു തീര്‍പ്പിനു തയാറാണെന്നു രാജപ്പനും പറഞ്ഞു. പണം പിന്‍വലിച്ചതു തന്റെ സ്വകാര്യ ആവശ്യത്തിനല്ലെന്നും രാജപ്പനു സ്വന്തമായി ഒരു വീടും പുരയിടവും ലഭ്യമാക്കാനുമായിരുന്നു എന്നും ലോക്ഡൗണ്‍ ആയതിനാല്‍ സ്ഥലം വാങ്ങലും മറ്റും നടക്കാതെ പോയെന്നുമാണ് വിലാസിനി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News