തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ രാജന്റെയും അമ്പിളിയുടേയും മരണത്തിന്റെ ആഘാതത്തിലാണ് നാട്ടുകാര്‍. പെട്രോള്‍ ഒഴിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ദമ്പതികളുടെ മക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ച് നാട്ടുകാര്‍. പോങ്ങിലെ ലക്ഷം വീട് കോളനിയിലെ നാട്ടുകാര്‍ക്ക് മുന്നില്‍ വസന്ത ശരിയ്ക്കും വില്ലത്തി. വസന്തയും മക്കളും കോളനിയിലെ മൂന്നാല് പ്ലോട്ടുകള്‍ കയ്യേറി. ഇഷ്ട ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടയുന്നവരെ കള്ളക്കേസില്‍ കുടുക്കിയും ഗുണ്ടായിസം പുറത്തെടുക്കും.
നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കു സമീപമുള്ള പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. സമീപവാസിയായ വസന്ത എന്ന സ്ത്രീക്കെതിരെയാണ് ഇപ്പോള്‍ ജനരോക്ഷം ഉയര്‍ന്നിരിക്കുന്നത്. മരണപ്പെട്ട രാജനെതിരെ നിരന്തരം വ്യാജപരാതികള്‍ കൊടുത്ത് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു. രാജന് മാത്രമായിരുന്നില്ല പ്രദേശത്ത് താമസിക്കുന്ന മറ്റുചിലര്‍ക്കും വസന്തയില്‍ നിന്നും സമാന്തരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നതായും ഇവര്‍ പറയുന്നു. പോലീസിന്റെ ഒത്താശയോടെയാണ് ഇവര്‍ രാജനെയും കുടുംബത്തെയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു.
വസന്തയുടെ ഇളയമകന്‍ ഇതിന് മുന്‍പും രാജനെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇപ്പോഴും ആ കേസ് കോടതിയില്‍ ഉണ്ട്. സ്വന്തം ഭര്‍ത്താവിനെ പോലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടിച്ച് കൊല്ലാനും ശ്രമപ്പെടുത്തിയതായി നാട്ടുകാര്‍ വെളിപ്പെടുത്തുകയാണ്. രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട്ടില്‍ കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് പെട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അയല്‍വാസിയുടെ പരാതിയില്‍ കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ട മണ്ണില്‍ അവസാനം രാജന് അന്ത്യവിശ്രമവും ഒരുക്കി. തന്റെ വസ്തു അയല്‍വാസിയുടെ പരാതിയില്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട നടപടിയില്‍ പ്രതിഷേധിക്കാനും ഉത്തരവു നടപ്പിലാക്കാതിരിക്കാനും വേണ്ടിയാണ് രാജന്‍ ശരീരത്തില്‍ പെട്രോളൊഴിച്ചത്.
ആശാരിപ്പണിക്കാരനായി രാജന്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഇവരെയാണ് അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഒഴിപ്പിക്കാനായി ഉത്തരവിട്ടത്.രാജന്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ്. എല്ലാ ദിവസവും ജോലിക്കു പോകുന്നതിനു മുന്‍പായി വീട്ടില്‍ പ്രഭാതഭക്ഷണമുണ്ടാക്കി രാജന്‍ നിര്‍ധനരായവര്‍ക്കു നല്‍കുമായിരുന്നു. ഇത് രാജന്‍ മുടക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ രാജനെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു. മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. അച്ഛനും അമ്മയും മരിച്ചതോടെ രാഹുലിന്റെയും രഞ്ജിത്തിന്റെ ജീവിതം വഴിമുട്ടിയനിലയിലാണ്.