പാലക്കാട്: സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനം വകുപ്പ് വാച്ചർ രാജന്‍റെ (Watcher Rajan) തിരോധാനം അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പ്രത്യേക സംഘം അന്വേഷിക്കും. രാജനെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്‍റെ സഹായം തേടും. വനംവകുപ്പ് തെരച്ചിലിന്‍റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. പതിമൂന്നാം ദിവസവും കാട്ടിനകത്തെ തെരച്ചിൽ തുടരുകയാണ് വനംവകുപ്പ്.
രാജനെ കാണാതായി പന്ത്രണ്ടാം നാളാണ് തിരോധാനം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. വനംവകുപ്പ് കാടുകളിൽ സജ്ജീകരിച്ച എഴുപതോളം ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഇതിലൊന്നും രാജനെ കുറിച്ചുള്ള ഒരു സൂചനയും കിട്ടിയില്ലെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു.
കടുവ, പുലി എന്നിവയുടെ സാന്നിധ്യവും രാജന്‍റെ തിരോധാനത്തിന് ശേഷം സ്ഥിരീകരിച്ചിട്ടില്ല. വന്യജീവി ആക്രമണം രാജന് നേരെ ഉണ്ടായിട്ടില്ല, എന്ന വനംവകുപ്പ് നിഗമനം ശരിവയ്ക്കുന്നു പൊലീസും. വാവോയിസ്റ്റുകൾ വഴികാട്ടാൻ രാജനെ കൊണ്ടുപോയതാകാം എന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ, ഇത് നിഷേധിക്കുന്നു പൊലീസ്. രാജനുമായി അടുത്ത ബന്ധമുള്ള എല്ലാവരും നിരീക്ഷണത്തിലാണ്.
മുക്കുത്തി നാഷണൽ പാർക്കിൽ തമിഴ്നാട് വനംവകുപ്പ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. അവിടുത്തെ കാട്ടിനകത്തെ ക്യാമറ ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘം ഉടൻ പരിശോധിക്കും. അടുത്ത ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് അറിയിച്ചു. അടുത്ത മാസം 11ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് രാജനെ കാണാതായത്.