തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ പരക്കെ നാശനഷ്ടം. തൃശ്ശൂര്‍ മുനക്കല്‍ ബീച്ചില്‍ ശക്തമായ കാറ്റില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശം. കാറ്റില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓടുകള്‍ പറന്നുപോയി. അഴിക്കോട് ബീച്ചില്‍ ചീനവലകള്‍ ഉള്‍പ്പെടെ തകര്‍ന്നു. തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ അപകടമൊഴിവായി.
ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുനമ്പം ഹാര്‍ബറിനകത്ത് മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. അഞ്ചോളം വാഹനങ്ങളാണ് മരം വീണ് തകര്‍ന്നത്.
ശബരിമല പാതയില്‍ ശക്തമായ കാറ്റില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണത് മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. കണമല മുതല്‍ ഇലവുങ്കല്‍ വരെയാണ് മരങ്ങള്‍ വീണത്.
കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ വാലില്ലാപുഴയില്‍ വീടിനു മുകളില്‍ അടുത്ത വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒളിപാറമ്മല്‍ അജിയുടെയും അലീനയുടെയും മകള്‍ അന്‍ഹ (ഒന്നര മാസം ) ക്കാണ് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ്അപകടം.
തൊട്ടിൽപ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. തീരത്തുള്ള മസ്ജിദുൽ ഫാറൂഖ് പള്ളിയും, ക്വാട്ടേഴ്സും അപകട ഭീഷണിയിൽ. രാത്രി ഉണ്ടായ ശക്തമായ മഴയെ തുടർന്ന് തോട്ടിൽ ജലമൊഴുക്ക് വർദ്ധിച്ചതാണ് തീരം ഇടിയുന്നതിന് കാരണമായത്. ക്വാർട്ടേഴ്സിലെ താമസക്കാരായ നാല് കുടുംബത്തിലെ 14 പേരെ മാറ്റി താമസിപ്പിച്ചു.

