ന്യൂഡൽഹി:: യമുനയിലെ പ്രളയത്തിനിടെ ദില്ലി ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉത്തരാഖണ്ടിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ ഇന്നലെ മൂന്നു മണിക്കൂറിൽ കിട്ടിയത് 29.5 മില്ലി മീറ്റർ വരെ മഴ ആണ്. യമുനയിലെ ജലനിരപ്പ് 206.6 ആയി താഴ്ന്നു.
അതേസമയം, മഴ തുടർന്നാൽ സ്ഥിതി വീണ്ടും സങ്കീർണ്ണമാകും എന്നാണ് മുന്നറിയിപ്പ്. ഇതിനിടെ ദില്ലിയിലെ പ്രളയ പ്രതിസന്ധി പ്രധാനമന്ത്രി വിലയിരുത്തി. യു എ ഇയിൽ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ലഫ്.ഗവർണറെ ഫോണിൽ വിളിച്ചു. കേന്ദ്ര സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 18-07-2023ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
17-07-2023 മുതൽ 19 -07-2023 വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.