അതിതീവ്ര മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തൃശ്ശൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ കാസര്‍കോട്, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ടും തൃശ്ശൂരില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ കുറിപ്പ്

കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുന്‍നിര്‍ത്തി സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ഈ സാഹചര്യത്തില്‍, ജില്ലയിലെ കോളേജുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 16) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ (16/06/2025) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. (റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ബാധകമല്ല). വിദ്യാർഥികൾ ജലാശയങ്ങളിലും, പുഴകളിലും മറ്റും ഇറങ്ങരുത്. സുരക്ഷിതരായിരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News