തൃശ്ശൂര്‍: കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, വയനാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിൽറെഡ് അലർട്ടും തൃശ്ശൂരിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടർ പുറത്തിറക്കിയ കുറിപ്പിൽ കോളേജുകളെക്കുറിച്ച് പരാമർശമില്ല.
കാസര്‍കോട് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ കുറിപ്പ്
കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുന്‍നിര്‍ത്തി സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ഈ സാഹചര്യത്തില്‍, ജില്ലയിലെ കോളേജുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 16) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.


