ആർസിബിക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു; നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്ത്

ബെംഗളൂരു: ഐപിഎല്‍ 18-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന നാലാമത്തെ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിലവിലെ ജേതാക്കളാണ് കൊല്‍ക്കത്ത. ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് കൊല്‍ക്കത്ത പുറത്തായത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 12 പോയന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. അതേസമയം മത്സരം ഉപേക്ഷിച്ച് പോയന്റുകള്‍ പങ്കുവെച്ചതോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബിക്ക് ഇനിയും കാത്തിരിക്കണം.

മഴ കനത്തതോടെ അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്താനാകുമെന്ന പ്രതീക്ഷയില്‍ അമ്പയര്‍മാരും ടീമുകളും കാത്തിരിപ്പിലായിരുന്നു. എന്നാല്‍ നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ടോസിടാന്‍ പോലുമാകാതെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ 12 കളികളില്‍ നിന്ന് 17 പോയന്റുമായി ആര്‍സിബിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 23-ാം തീയതി ഹൈദരാബാദിനെതിരെയും 27-ാം തീയതി ലഖ്‌നൗവിനെതിരെയുമാണ് ആര്‍സിബിയുടെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ ഒന്നില്‍ ജയിക്കാനായാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News