ബെംഗളൂരു: ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച ഇരു ടീമുകളും ട്രോഫി പങ്കുവെച്ചു.
നേരത്തെ ടോസിന് പിന്നാലെ മഴയെത്തിയതോടെ മത്സരം വൈകിയിരുന്നു. ഏഴു മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം 7.50-നാണ് ആരംഭിച്ചത്. ഇതോടെ മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു.
പിന്നാലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തി. ഇതോടെ കളി നിര്‍ത്തിവെയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (15), ഋതുരാജ് ഗെയ്ക്വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലുങ്കി എന്‍ഗിഡിയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.
എന്നാല്‍ മഴ തുടര്‍ന്നതോടെ 9.40-ഓടെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ 2010-ന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒരു നിശ്ചിത ഓവര്‍ പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി. ഭുവനേശ്വര്‍ കുമാറാണ് പരമ്പരയിലെ താരം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗംഭീരവിജയം നേടിയ ഇന്ത്യന്‍ ടീം തിരിച്ചുവന്നിരുന്നു.