KeralaNews

Bharath bandh:ഭാരത് ബന്ദ്,ഔദ്യോഗികമായി ഒരു സംഘടനയുടെയും പ്രഖ്യാപനമില്ല; ജാഗ്രതാ നിർദേശം ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് പോലീസ്‌

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ പോലും ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കേരള പോലീസ് ഭാരത് ബന്ദ് സംബന്ധിച്ച ജാഗ്രതാ നിർദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കില്‍ പോലും മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം നിർദേശം കേരളത്തിലും നല്‍കുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെയാണ് തിങ്കളാഴ്ച അഗ്നിപഥ് വിഷയത്തില്‍ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നേരത്തെ സ്‌റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഡിജിപി നല്‍കിയ ജാഗ്രതാ നിര്‍ദേശം

അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.

ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker