തൊടുപുഴ: നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള സംഭരണ ശേഷിയിലേക്ക് എത്തിയതോടെ രാവിലെ പത്തു മണിക്ക് ഇടുക്കി അണക്കെട്ട് തുറക്കും. തൊടുപുഴ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെൻറീമീറ്റർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കും. റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്.
2383.53 അടിയാണ് ആണ് ഇടുക്കി അണക്കെട്ടിന്റെ വിലവിലെ അപ്പർ റൂൾ കർവ്. അണക്കെട്ട് തുറന്നാലും പെരിയാർ തീരത്തുള്ള വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്.
മുൻകരുതൽ എന്ന നിലയിൽ പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പുകൾ തുടങ്ങാൻ 23 സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് എന്നീ വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തി.
ഇടുക്കി ഡാം തുറക്കുന്നതിന്‍റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകള്‍ ഏര്‍പെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. താലൂക്ക് തലത്തില്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്.
മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കരയിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാംപില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.ഇന്നലെ വൈകിട്ട് ജലനിരപ്പ് 161.66 മീറ്ററില്‍ എത്തി. ഡാമിൻ്റെ സംഭരണ ശേഷി 169 മീറ്റർ ആണ്. 163 ൽ എത്തിയാൽ ഡാം തുറക്കേണ്ടതുള്ളതുകൊണ്ട് 162.5 മീറ്ററില്‍ എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. പൊതുവെ മഴക്ക് ശമനമുണ്ടെങ്കിലും ഡാമിലും വൃഷ്ടി പ്രദേശങ്ങളിലും ഇടക്കിടെ മഴ ശക്തമായി പെയ്യുന്നതിനാലാണ് ജലനിരപ്പ് ഉയർന്നു നിൽക്കുന്നത്.
അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ചെറുതോണി ടൗണിൽ. അവിടെ നിന്ന് തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളിലേക്ക്. അടുത്തത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിൽ. ഇവിടെവച്ച് പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരും. ഈ വെളളം നേരെ പാംബ്ല അക്കെട്ടിലേക്ക്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തേക്ക് വെള്ളമെത്തും. അടുത്തത് ഭൂതത്താൻകെട്ട് അണക്കെട്ട്. ഇവിടെവച്ച്, ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, കാലടി വഴി ആലുവ പ്രദേശങ്ങളിലേക്ക് വെള്ളമെത്തും. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും