തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കലില്‍ ബുധനാഴ്ച ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യകിഴക്കന്‍ ഭാഗത്ത് അന്തരീക്ഷച്ചുഴിയുണ്ട്. ഇതാണ് മഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ഇില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 11 മുതല്‍ 20 സെന്റിമീറ്റര്‍വരെ മഴ പെയ്യുമെന്നാണ് പ്രവചനം.
ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വ്യാഴാഴ്ച പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ആറുമുതല്‍ 11 വരെ സെന്റിമീറ്റര്‍ മഴയാണ് പ്രവചിച്ചിട്ടുള്ളത്.
കേരളത്തില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തെന്മലയില്‍ തോട്ടില്‍ വീണ് വയോധികനും മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ടു കുട്ടികളും ആണ് മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് തോട്ടില്‍ വീണ് മരിച്ചത്. റോഡ് മുറിച്ചു കടക്കവെ ഇയാള്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചിരുന്നു. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് വീഴുകയായിരുന്നു.
കനത്തമഴയില്‍ ചെങ്കോട്ട റെയില്‍വേ പാതയിലും മണ്ണിടിഞ്ഞിട്ടുണ്ട്. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ അടക്കം മലയോര മേഖലകളില്‍ രാത്രികാല യാത്ര നിരോധിച്ചു.
എറണാകുളം ഇടമലയാര്‍ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു. താളുംകണ്ടം പൊങ്ങുംചുവട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ട നിലയിലാണ്. പെരിയാറില്‍ ഒഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്തും വെള്ളം കയറി. ശിവക്ഷേത്രം 95 ശതമാനവും മുങ്ങിയ നിലയിലാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. പാലക്കാട് അട്ടപ്പാടിയില്‍ ശക്തമായ മഴയില്‍ ചുരത്തില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കോഴിക്കോടും കനത്ത മഴ തുടരുകയാണ്. ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു. നഗരത്തില്‍ മാവൂര്‍ റോഡിലുള്‍പ്പെടെ വെള്ളം കയറി.
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ചാലക്കുടി റെയില്‍വേ അടിപ്പാതയിലും വെള്ളം കയറിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ആതിരപ്പിള്ളി റോഡ് അടയ്ക്കുകയും ചെയ്തു.
കര്‍ണാടകയിലും കനത്ത മഴ തുടരുകയാണ്. ബംഗളൂരു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം കയറിയ വീട്ടില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുണ്ട്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡില്‍ വെള്ളം കയറിയതിനാല്‍ ട്രാക്ടറിലാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്.

