തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 വരെ ഏറിയുംകുറഞ്ഞും മഴ തുടരുമെന്ന് റിപ്പോർട്ട്. പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അതിതീവ്രമഴ രണ്ടുദിവസത്തിനുളളിൽ കുറയുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. സാധാരണയിൽനിന്നു വ്യത്യസ്തമായി അറബിക്കടലിന്റെ ചൂട് ഇനിയും കുറയാത്തതിനാൽ കാലവർഷപാത്തി സജീവമായിരിക്കുകയാണ്. നിശ്ചിത പ്രദേശത്തുണ്ടാകുന്ന ന്യൂനമർദത്തെ തുടർന്നു കാറ്റ് കടന്നുപോകുന്ന മേഖലയിൽ രൂപപ്പെടുന്ന ചാലുപോലുളള പ്രതിഭാസമാണ് കാലവർഷപാത്തി.മർദത്തിന്റെ ഫലമായി ഇവിടേക്കു കൂടുതലായി എത്തുന്ന കാറ്റ് സഹ്യപർവതത്തിന് അടുത്ത് എത്തുമ്പോൾ മഴ പെയ്യും.
രണ്ടാഴ്ചയായി തുടരുന്ന പ്രാദേശിക മഴ സംസ്ഥാനത്തിന്റെ വടക്കുഭാഗത്താണു കൂടുതൽ. കൂടുതൽ ഉയരത്തിൽ നിന്നുള്ള മേഘങ്ങളിൽനിന്നു മഴ പെയ്യുന്നതുകൊണ്ടാണു തണുപ്പു വർധിക്കുന്നതെന്നും കൊച്ചി റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു