തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇന്നലെ രാത്രി മുതൽ പലയിടത്തും പെയ്യുന്ന മഴയിൽ മരങ്ങൾ കടപുഴകി. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മലയാറ്റൂരിൽ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീടുകളിലേക്ക് വീണു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് രാവിലെ 8.30 ഓടെ ശക്തമായ കാറ്റ് വീശി. നൂറോളം ജാതി മരങ്ങളും, തേക്കും കാറ്റത്ത് ഒടിഞ്ഞ് വീണു. റോഡിലേക്കും മരങ്ങൾ വീണു. വൈദ്യുതി ബന്ധവും തകരാറിലായി. ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു
തൊടുപുഴക്കടുത്ത് കുണിഞ്ഞിയിൽ ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മരങ്ങൾ ഒടിഞ്ഞു വീണ് വീടുകൾക്കും കടമുറികൾക്കും കേടുപാടുണ്ടായി. സ്ഥലത്ത് വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു ശക്തമായ കാറ്റ് വീശിയത്.
കക്കയം ഡാമിൻറെ രണ്ട് ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ. രാവിലെ പത്തരയോടെ ഒരു ഷട്ടർ 30 സെൻറീമീറ്ററിൽ നിന്നും 45 സെൻറീമീറ്റർ ആയി ഉയർത്തി. ഇതോടെ ഡാമിൽ നിന്നും സെക്കൻഡിൽ 65 ക്യൂബിക് മീറ്റർ ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. കോഴിക്കോട് മാവൂർ കൽപ്പള്ളിയിൽ ശക്തമായ മഴയിൽ വീടിന് മുകളിൽ മരം വീണ് കേടുപാടുണ്ടായി. നാടക നടൻ മിർഷാദിന്റെ വീടിന് മുകളിലാണ് മരം വീണത്.
തൃശ്ശൂർ നടത്തറ ചേരുങ്കഴിയിൽ രാവിലെയുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശ നഷ്ടമുണ്ടായി. റബ്ബർ, തെങ്ങ്, ജാതി മരങ്ങൾ കടപുഴകി. എട്ട് വീടുകൾക്ക് ഭാഗീകമായി കേടുപാടുണ്ടായി.
വയനാട് ചുരത്തിന് താഴെ അടിവാരത്ത് വെളളക്കെട്ടുണ്ടായി. സമീപത്തെ പാലത്തിലും കടകളിലും വീടുകളിലും വെള്ളം കയറി. പുതുപ്പാടി പഞ്ചായത്തിലെ പ്രൈമറി സ്കൂളുകൾക്ക് ശക്തമായ മഴയെ തുടർന്ന് എ ഇ ഒ അവധി പ്രഖ്യാപിച്ചു. പോത്തുണ്ടി പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വള്ളിയാട് പാലത്തിലും വെള്ളക്കെട്ടുണ്ട്.
അട്ടപ്പാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികൾക്കും ഇന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. അട്ടപ്പാടി നരസിമുക്ക് പരപ്പൻതറയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നിട്ടുണ്ട്. പരപ്പൻതറ സ്വദേശി പഴനിസ്വാമിയുടെ ഓട്ടോറിക്ഷയാണ് തകർന്നത്. താവളത്ത് നിന്ന് പരപ്പൻതറയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു.