കോഴിക്കോട്: എലത്തൂരിൽ നിന്ന് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്നലെ അറസ്റ്റിലായ സുബിന്റ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട്ടേരി സ്വദേശി ജലജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. കേസിൽ നേരത്തെ പിടിയിലായ അബ്ദുൾ നാസറിന്റെ കൂട്ടാളിയെന്ന് കണ്ടെത്തിയാണ് സുബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് കേസിൽ 22കാരനായ സുബിനും 38കാരനായ സിറാജും അറസ്റ്റിലായത്. സുബിനെതിരെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചെന്നതാണ് സിറാജിനെതിരായ കുറ്റം. സുബിനെ വീട്ടിൽ നിന്നും സിറാജിനെ ഉള്ളിയേരി അങ്ങാടിയിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.
പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരി ബുധനാഴ്ചയാണ് വീട്ടിൽ നിന്ന് ടി സി വാങ്ങാൻ നടക്കാവ് സ്കൂളിലേക്കിറങ്ങുന്നത്. ബസ് വൈകിയെന്നും ഉടനെത്തുമെന്നും പറഞ്ഞ് രാത്രി പെൺകുട്ടി വീട്ടിലേക്ക് വിളിച്ചു. എന്നാൽ രാത്രി പത്തുമണി കഴിഞ്ഞിട്ടും കുട്ടിയെത്താഞ്ഞതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി . ഇതിനിടെ, പെൺകുട്ടി വിളിച്ച ഫോൺ നമ്പർ പുറക്കാട്ടേരിക്ക് സമീപമുളള അബ്ദുൾ നാസറിന്‍റെതെന്ന് മനസ്സിലായെന്നും പിന്നീടിയാളെ വിളിച്ചപ്പോൾ മറുപടിയൊന്നും കിട്ടിയില്ലെന്ന് വീട്ടുകാർ. മകളെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് വീട്ടുകാർ നൽകിയ പരാതി
പെൺകുട്ടി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കർണാടകത്തിലാണുളളതെന്ന് മനസ്സിലാക്കിയത്. സംഭവ ദിവസം അബ്ദുൾ നാസറിന്റെ കാറിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കർണാടക പൊലീസിന്‍റെ സഹായത്തോടെ അബ്ദുൾ നാസറിനെ പിടികൂടി കോഴിക്കോട്ടെത്തിച്ചു. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയതോടെ, ഇയാൾ കുട്ടിയെ ഉത്തരേന്ത്യയിലെത്തിക്കാനുളള ശ്രമം ഉപേക്ഷിച്ചു. കുട്ടിയുമായി നാട്ടിലേക്ക് മടങ്ങവേയാണ് പിടിയിലാവുന്നത്. ഇയാൾ കുട്ടിയെ കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.
പെൺകുട്ടിയെ ഉത്തരേന്ത്യയിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. കുറച്ചു കാലമായി ഇയാൾ പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നും പൊലീസിന് വിവരമുണ്ട്. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നയാളാണ് നാസർ. പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കി പെൺവാണിഭ സംഘത്തിന് കൈമാറുന്നയാളാണ് നാസറെന്നും പൊലീസ് പറയുന്നു. സംഭവ ദിവസം ഇയാളുടെ കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ആദ്യം കുന്ദമംഗലത്തും പിന്നീട് കർണാടകത്തിലേക്കുമാണ് കുട്ടിയെ എത്തിച്ചത്.