തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ച ന്യൂനമര്‍ദം രൂപപ്പെടും. ശനിയാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടും. ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനമൊട്ടാകെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണസേന അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടുക്കി ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വാർത്താക്കുറിപ്പ് ഇങ്ങനെ
പുതുക്കിയ മൽസ്യതൊഴിലാളി ജാഗ്രത നിർദേശം
*2021 മെയ് 13 മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.*
കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാൽ മെയ് 13 അതിരാവിലെ 12 മണി മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ മെയ് 12 അർദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണ് എന്ന് അഭ്യർത്ഥിക്കുന്നു. ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാൻ വേണ്ട നടപടികൾ ഉടനടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
*പ്രത്യേക ജാഗ്രത നിർദേശം*
*11.05.2021 മുതൽ 12.05.2021:* തെക്കുകിഴക്കൻ അറബിക്കടൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ. ഭൂമധ്യരേഖപ്രദേശത്തോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും, കന്യാകുമാരി തീരങ്ങൾ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*മത്സ്യതൊഴിലാളികൾ പ്രസ്‌തുത ദിവസം മേൽ പറഞ്ഞ പ്രദേശങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കൂടുതൽ വ്യക്തതക്കായി താഴെക്കൊടുത്തിരിക്കുന്ന ഭൂപടം ശ്രദ്ധിക്കുക *