26.4 C
Kottayam
Friday, April 26, 2024

കോവിഡ്: 1952 ജീവനക്കാര്‍ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ

Must read

ന്യൂഡൽഹി:കോവിഡ് ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങളുടെ 1952 ജീവനക്കാര്‍ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ.റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ദിവസവും ആയിരത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായും അദ്ദേഹം അറിയിച്ചു.റെയില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചും കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി 4000 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞാഴ്ചയാണ്, കോവിഡിനിടയിലും ഡ്യൂട്ടി നിര്‍വഹിച്ച്‌ വൈറസ് ബാധയേറ്റ് മരിച്ച റെയില്‍വേ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,876 പേര്‍ ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു

ഇന്നലെ 3,56,082 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,29,92,517 പേര്‍ക്ക്. ഇതില്‍ 1,90,27,304 പേര്‍ രോഗമുക്തരായി. 2,49,992 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,27,10,066 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 37,15,221 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 37,236 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 549 പേര്‍ മരിച്ചു. ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടത് 61,607 പേര്‍. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 51,38,973.

ആകെ രോഗ മുക്തരുടെ എണ്ണം 44,69,425. ആകെ മരണം 76,398. നിലവില്‍ 5,90,818 പേരാണ് ചികിത്സയിലുള്ളത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തില്‍ നിന്ന് താഴേക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week