33.4 C
Kottayam
Saturday, April 20, 2024

പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകിനശിച്ചു

Must read

കണ്ണൂര്‍: കൊവിഡ് ഒന്നാം തരംഗത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച കടലയില്‍ 596.7 ടണ്‍ (596710.46 കിലോഗ്രാം) റേഷന്‍കടകളിലിരുന്ന് പഴകിനശിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലുള്ള ലോക്ക്ഡൗണ്‍ കാലത്ത് ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന’ (പി.എം.ജി.കെ.എ.വൈ.-പാവങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതി) പ്രകാരം അനുവദിച്ചതാണിത്.

കുറേപ്പേര്‍ ഇത് വാങ്ങിയിരുന്നില്ല. അങ്ങനെ മിച്ചംവന്നതാണ് നാലുമാസമായി റേഷന്‍കടകളിലിരുന്ന് കേടായത്. മിച്ചംവന്ന കടല സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യക്കിറ്റില്‍പെടുത്തി വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. പക്ഷേ, യഥാസമയം ഇവ റേഷന്‍കടകളില്‍നിന്ന് തിരിച്ചെടുത്ത് വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കഴിഞ്ഞില്ല. ഭരണാനുകൂല സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) തന്നെ ഇത് പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

അതിദരിദ്രവിഭാഗങ്ങളില്‍പെടുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ.), മറ്റ് മുന്‍ഗണനാവിഭാഗം (പ്രയോറിറ്റി ഹൗസ്‌ഹോള്‍ഡ്-പി.എച്ച്.എച്ച്.) എന്നിവയ്ക്ക് നല്‍കാനാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തില്‍ അന്ത്യോദയയില്‍ 593976 കാര്‍ഡും മുന്‍ഗണനാവിഭാഗത്തില്‍ 3309926 കാര്‍ഡുമാണ് ഉള്ളത്. കാര്‍ഡിലെ അംഗങ്ങള്‍ക്ക് നാലുകിലോ അരി, ഒരുകിലോ ഗോതമ്പ് എന്നിവ വീതവും കാര്‍ഡ് ഒന്നിന് ഒരുകിലോഗ്രാം വീതം ഭക്ഷ്യധാന്യവുമാണ് നല്‍കേണ്ടിയിരുന്നത്. ഭക്ഷ്യധാന്യമായി ആദ്യ രണ്ടുമാസം ചെറുപയറാണ് കിട്ടിയത്. അത് കൊടുത്തുതീര്‍ന്നു.

പിന്നീടുള്ള മാസങ്ങളിലാണ് കടല കിട്ടിയത്. ഡിസംബര്‍വരെ അത് നല്‍കിയശേഷം മിച്ചംവന്നതാണ് നശിച്ചത്. അരിയും ഗോതമ്പും മിച്ചം വന്നിരുന്നു. പക്ഷേ, മറ്റ് വിഭാഗങ്ങളിലേക്ക് വകയിരുത്തി അവയുടെ വിതരണം തുടര്‍ന്നു. സ്റ്റോക്കില്‍ ക്രമീകരണം വരുത്തി. ഭക്ഷ്യധാന്യ പദ്ധതി നിര്‍ത്തിയതുകൊണ്ട് അത് കഴിഞ്ഞില്ല. വകമാറ്റാന്‍ കേന്ദ്രത്തിന്റെ അനുമതി കിട്ടിയതിനെത്തുടര്‍ന്ന്, റേഷന്‍കടകളിലെ കടലസ്റ്റോക്ക് ഗോഡൗണിലേക്ക് മാറ്റണമെന്നും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ച് കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈകോയുടെ മാനേജിങ് ഡയറക്ടര്‍ ഡിപ്പോ മാനേജര്‍മാര്‍ക്കും മേഖലാ മാനേജര്‍മാര്‍ക്കും ഫെബ്രുവരി 25-ന് കത്തയച്ചിരുന്നു.

കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 250 ഗ്രാം തുവരപ്പരിപ്പിനുപകരം 500 ഗ്രാം കടലയും 500 ഗ്രാം ഉഴുന്നിനുപകരം 750 ഗ്രാം കടലയും എന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ കത്തയച്ചതിനുശേഷവും റേഷന്‍കടകളിലെ നീക്കിയിരുപ്പില്‍ മാറ്റംവന്നിട്ടില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്റ്റോക്ക് വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. കിറ്റില്‍ ഉള്‍പ്പെടുത്തുംമുമ്പ് ഗുണമേന്‍മ പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഗുണമില്ലെന്ന് കണ്ടതുകൊണ്ടാണോ തിരിച്ചെടുക്കാത്തതെന്ന് വ്യക്തമല്ല.

കിറ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു-സിവില്‍ സപ്ലൈസ് വകുപ്പ് കേന്ദ്രം അനുവദിച്ചതില്‍ മിച്ചംവന്ന കടല സംസ്ഥാനസര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ശേഷിക്കുന്നത് വളരെ കുറവാണെന്നാണ് മനസ്സിലാക്കന്നത്. കുറച്ച് ഭക്ഷ്യയിനങ്ങള്‍ കേടായിപ്പോകുന്നത് സ്വാഭാവികമാണ്.

മിച്ചംവന്ന കടലയുടെ ജില്ലാതല അളവ് (കിലോഗ്രാമില്‍) ആലപ്പുഴ-56242.2 എറണാകുളം-28198.19 ഇടുക്കി-39209.5 കണ്ണൂര്‍-20813.49 കാസര്‍കോട്-13282.09 കൊല്ലം-69686.04 കോട്ടയം-50333.14 കോഴിക്കോട്-28925.52 മലപ്പുറം-50208.28 പാലക്കാട്-42455.74 പത്തനംതിട്ട-51821.43 തിരുവനന്തപുരം-110135.89 തൃശ്ശൂര്‍-27511.79 വയനാട്-7887.1 ആകെ 596710.46.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week