സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ശനിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി. മുതല്‍ 115.5 മി.മി. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 18 വരെ കേരള-കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ല. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മി. വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News