KeralaNews

മഴ തുടരും, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട്  ചേർന്നുള്ള വടക്കൻ ശ്രീലങ്കക്കും തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു .ഇത് വരും ദിവസങ്ങളിൽ മാന്നാർ കടലിടുക്ക് വഴി അറബികടലിൽ എത്തിച്ചേരാൻ സാധ്യത.

അതോടൊപ്പം തെക്കേ ഇന്ത്യക്ക് മുകളിൽ ന്യൂനമർദ്ദ പാത്തി കൂടി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഇടി മിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. ഇന്നും ഏപ്രിൽ 13& 14 തീയതികളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ തെക്കൻ കേരളത്തിന്‌ പുറമെ വയനാട്ടിലും ഈ മണിക്കൂറുകളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചന പ്രകാരമുള്ള യെല്ലോ അലർട്ട് ഇന്ന് ആറ് ജില്ലകളിൽ തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്.

നാളെയും മറ്റന്നാളും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാൽ 13 ാം തിയതി പത്തനംതിട്ട,  ഇടുക്കി ജില്ലകളിലും 14 ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ്‌  മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിക്കുക.

കേരള തീരത്ത്‌ ഇന്ന് (ഏപ്രിൽ 10ന്) മത്സ്യബന്ധനത്തിൽ ഏർപ്പെടുവാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളിൽ 60  കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കേരള തീരത്ത് മത്സ്യ ബന്ധനത്തിൽ നിലവിൽ ഏർപ്പെട്ടിട്ടുള്ളവരെ  ഈ വിവരം അറിയിക്കുവാനും കേരള തീരത്ത് നിന്നും അകന്ന് കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിൽക്കുന്നതാകും ഉചിതം എന്നത് അറിയിക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കുക.
കേരള തീരത്ത്നിന്നും ആരും ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പോകരുത്.
കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

10-04-2022 മുതൽ 11-04-2022 വരെ: തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറില്‍ 40-50  കിലോമീറ്ററും, ചിലഅവസരങ്ങളിൽ 60  കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button