തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എല്ലാ ജില്ലകളിലും മഴ പെയ്യുമെങ്കിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 10 വരെ 510.2 മില്ലീ മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 890.9 മില്ലീ മീറ്ററായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 43 ശതമാനത്തിന്റെ കുറവ്. ഇടുക്കി ജില്ലയിലാണ് ഇക്കാലയളവില്‍ ഏറ്റവും കുറച്ച് മഴപെയ്തത്. ഇവിടെ 56 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 394.5 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 302.4 മില്ലീ മീറ്റര്‍ ലഭിച്ചു. ഇവിടെ 23 ശതമാനത്തിന്റെ മഴക്കുറവാണുള്ളത്. വയനാട്, പത്തനംതിട്ട ജില്ലകളിലും ഇക്കാലയളവില്‍ ലഭിക്കേണ്ട മഴയുടെ പകുതിയില്‍ താഴെ മാത്രമാണ് ലഭിച്ചത്.