കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ മഴ കനക്കുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. 60 ക്യുമെക്സ് വെള്ളമാണ് തുറന്നു വിടുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ മഴ ശക്തമാകുകയാണ്. തുടര്‍ച്ചയായി പെയ്ത മഴയില്‍ യൂണിവേഴ്സിറ്റി പരിസരത്ത് വെള്ളം കയറി. പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കണ്ണൂരില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പത്തനംതിട്ടയില്‍ മഴ കനക്കുകയാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്ത മഴയില്‍ പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. അഴുതയില്‍ മുഴിക്കല്‍ ചപ്പാത്ത് മുങ്ങി. നദി തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പയില്‍ കുളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിരിക്കുകയാണ്.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 2 ദിവസം വിവിധ ഇടങ്ങളില്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്തു ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി വാഗമണ്ണില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളകെട്ടുകള്‍ രൂപപ്പെട്ടു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും മാലെദ്വീപ് ഭാഗങ്ങളിലും മല്‍സ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശബരിമലയിലും കനത്ത മഴയാണ് തുടരുന്നത്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റമഴയില്‍ കോഴിക്കോട് നഗരം വെള്ളത്തിലായി. മാവൂര്‍റോഡ്, പുതിയ ബസ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന്‍, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം ഉയരത്തിലാണ് വെള്ളം കെട്ടികിടന്നത്. സ്റ്റേഡിയം ജംഗ്ഷനിലെ പല കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മാവൂര്‍ റോഡിലെ കടകളിലും സമാനമായ അവസ്ഥയാണുള്ളത്. പുലര്‍ച്ചെ മുതലാണ് ജില്ലയുടെ വിവിധ മേഖലകളില്‍ മഴ ശക്തി പ്രാപിച്ചത്. അരമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്തതോടെ നഗരം വെള്ളക്കെട്ടിലായി. ഇതോടെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. വലിയ വാഹനങ്ങളല്ലാതെ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നഗരത്തിലെ പ്രധാന റോഡുകളില്‍ കൂടി പോലും പോകാന്‍ പറ്റാത്ത വിധം വെള്ളമുയര്‍ന്നിരുന്നു.