കോഴിക്കോട്:സംസ്ഥാനത്തെ ട്രെയിനുകളില്‍ അടുത്തിടെയായി നടന്ന കവര്‍ച്ചകള്‍ക്കു പിന്നില്‍ ഉത്തരേന്ത്യന്‍ തസ്‌കര സംഘങ്ങളെന്ന് സൂചന.ഹരിയാനയില്‍ നിന്നാണ് സംഘങ്ങള്‍ കേരളത്തിലേക്ക് എത്തിയതെന്നാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്.ഏഴു സംഘങ്ങള്‍ കേരളത്തിലെത്തിയതായി റെയില്‍വേ പോലീസിന് വിവരങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
കവര്‍ച്ചയ്ക്കിടെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം ഹരിയാനയില്‍ നിന്നുള്ള മോഷണസംഘത്തെ അവിടുത്തെ പോലീസ് പിടികൂടിയിരുന്നു. ബംഗളുരു പോലീസിന്റെ കസ്റ്റഡിയിലാണിവര്‍ ഇപ്പോഴുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. പിടിയിലായ മോഷ്ടാക്കളെ കുറിച്ച് കോഴിക്കോട് റെയില്‍വേ എസ്‌ഐ ജംഷീദും സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹരിയാന പോലീസിന്റെ സഹായവും തേടും. ട്രെയിന്‍ കവര്‍ച്ചാ കേസുകളിലെ പ്രതികളുടെ പട്ടിക കൈമാറാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കവര്‍ച്ചക്കാര്‍ ടിക്കറ്റെടുത്ത് യാത്രക്കാരെന്ന വ്യാജേന യാത്രചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ എട്ടിനായിരുന്നു മോഷണം. രണ്ടു തീവണ്ടികളിലെ യാത്രക്കാരില്‍നിന്നായി 15 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവുമാണ് കവര്‍ന്നത്.