CrimeNationalNews

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകളുടെ എണ്ണമെടുത്ത് ‘ട്രെയിനികള്‍’ ഒരുമാസം കൊണ്ട് വന്‍ ജോലിതട്ടിപ്പില്‍ നഷ്ടമായത് കോടികള്‍

ന്യൂഡല്‍ഹി: ദിവസവും എട്ടുമണിക്കൂര്‍ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍. ‘ജോലി’ വരുന്നതും പോകുന്നതുമായ ട്രെയിനുകളുടെ എണ്ണമെടുക്കല്‍! ഏകദേശം ഒരുമാസമാണ് ജോലിതട്ടിപ്പിനിരയായ 28 തമിഴ്‌നാട് സ്വദേശികള്‍ റെയില്‍വേ സ്റ്റേഷനില്‍ ‘ട്രെയിനിങ്ങിന്റെ’ ഭാഗമായി ട്രെയിനുകളുടെ എണ്ണമെടുത്തത്. എന്നാല്‍ തങ്ങള്‍ ചതിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടപ്പോഴേക്കും ലക്ഷങ്ങളുമായി തട്ടിപ്പുകാര്‍ മുങ്ങിയിരുന്നു.

തമിഴ്‌നാട് സ്വദേശിയും മുന്‍ സൈനികനുമായ എം.സുബ്ബുസാമി ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ പരാതി നല്‍കിയതോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന വന്‍തൊഴില്‍ തട്ടിപ്പ് പുറംലോകമറിയുന്നത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏകദേശം രണ്ടരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍നിന്നുള്ള ഒട്ടേറെ യുവാക്കളാണ് തട്ടിപ്പിനിരയായത്.

തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശിയായ സുബ്ബസാമി നാട്ടുകാരായ യുവാക്കളെ ‘സഹായിക്കാന്‍’ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സര്‍വീസില്‍നിന്ന് വിരമിച്ചതിന് ശേഷം നാട്ടിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് ജോലി കണ്ടെത്താനായി സുബ്ബസാമി പരിശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഡല്‍ഹിയിലെ ഒരു എം.പി.യുടെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് കോയമ്പത്തൂര്‍ സ്വദേശിയായ ശിവരാമനെ പരിചയപ്പെടുന്നത്. എം.പി.മാരുടെയും മന്ത്രിമാരുടെയും അടുത്തയാളാണെന്ന് അവകാശപ്പെട്ട ഇയാള്‍, റെയില്‍വേയില്‍ ജോലി അവസരമുണ്ടെന്നും നടപടിക്രമങ്ങള്‍ സുഗമമാക്കി നല്‍കാമെന്നും വാഗ്ദാനം ചെയ്തു.

ജോലി ആവശ്യമുള്ളവരുമായി ഡല്‍ഹിയിലെത്താനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് മൂന്നുപേരുമായാണ് സുബ്ബസാമി ഡല്‍ഹിയിലേക്ക് പോയത്. ഓരോ ഉദ്യോഗാര്‍ഥിയും സുബ്ബസാമിക്കാണ് പണം നല്‍കിയിരുന്നത്. ഈ പണം നോര്‍ത്തേണ്‍ റെയില്‍വേ ഡെപ്യൂട്ടി ഡയറക്ടറെന്ന് പരിചയപ്പെടുത്തിയ വികാസ് റാണ എന്നയാള്‍ക്ക് കൈമാറുകയായിരുന്നു.

മൂന്നുപേര്‍ക്ക് റെയില്‍വേയില്‍ ജോലി കിട്ടിയെന്ന വാര്‍ത്ത നാട്ടില്‍പരന്നതോടെ 25 പേര്‍ കൂടി ജോലിക്കായി താത്പര്യം പ്രകടിപ്പിച്ചെത്തിയെന്നാണ് സുബ്ബസാമി പറയുന്നത്. ഇവരില്‍നിന്നും തട്ടിപ്പുകാര്‍ പണം വാങ്ങി. ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും രണ്ടുലക്ഷം മുതല്‍ 24 ലക്ഷം രൂപവരെയാണ് തട്ടിപ്പുകാര്‍ ഈടാക്കിയിരുന്നത്. റെയില്‍വേയില്‍ ട്രാവല്‍ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) ട്രാഫിക് അസിസ്റ്റന്റ്, ക്ലാര്‍ക്ക് തുടങ്ങിയ ‘ഒഴിവുകളിലേക്കാണ്’ തട്ടിപ്പുകാര്‍ നിയമനം നടത്തിയത്. ഓരോ ജോലിക്കും ഇവര്‍ ഈടാക്കിയിരുന്ന തുകയും വ്യത്യസ്തമായിരുന്നു.

പണം കൈമാറിയശേഷം ഉദ്യോഗാര്‍ഥികളെയെല്ലാം തട്ടിപ്പുസംഘം വൈദ്യപരിശോധനയ്ക്കായി വിളിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ റെയില്‍വേ സെന്‍ട്രല്‍ ആശുപത്രിയിലേക്കാണ് വൈദ്യപരിശോധനയ്ക്ക് വിളിപ്പിച്ചത്. പിന്നാലെ ശങ്കര്‍ മാര്‍ക്കറ്റിലെ നോര്‍ത്തേണ്‍ റെയില്‍വേ ജൂനിയര്‍ എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍വെച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടത്തി.

തട്ടിപ്പുസംഘത്തിലെ പ്രധാനിയായ വികാസ് റാണയാണ് പണം വാങ്ങിയതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. റെയില്‍വേ ഓഫീസ് കെട്ടിടത്തിന്റെ പുറത്തുവെച്ചാണ് ഇയാള്‍ സംസാരിച്ചതെന്നും ഒരിക്കലും തങ്ങളെ കെട്ടിടത്തിനകത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നും യുവാക്കള്‍ പറയുന്നു.

വൈദ്യപരിശോധനയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുമെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ട്രെയിനിങ്ങിന് ചേരാനുള്ള ഉത്തരവും തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റുരേഖകളും നല്‍കിയത്. ഇതനുസരിച്ചാണ് 28 പേരും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനുകളുടെ എണ്ണമെടുത്തത്. തസ്തികകള്‍ പലതാണെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്കെല്ലാം ലഭിച്ച ട്രെയിനിങ് ഒന്നായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ എത്തിച്ചേരുന്നതിന്റെയും പുറപ്പെടുന്നതിന്റെയും സമയം രേഖപ്പെടുത്തുക, കോച്ചുകളുടെ എണ്ണം രേഖപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഒരുമാസത്തെ ട്രെയിനിങ്.

ദിവസവും എട്ടുമണിക്കൂര്‍ നേരം റെയില്‍വേ സ്റ്റേഷനിലെ പല പ്ലാറ്റ്‌ഫോമുകളിലായാണ് ഇവര്‍ പരിശീലനകാലയളവില്‍ ‘ജോലിചെയ്തത്’. ഏകദേശം ഒരുമാസത്തോളം ഇത്തരത്തിലുള്ള ട്രെയിനിങ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ തങ്ങള്‍ക്ക് ലഭിച്ച നിയമന ഉത്തരവുകളും മറ്റും വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പിനിരയായ കാര്യം യുവാക്കള്‍ തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker