FeaturedNationalNews

ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകം, മറ്റുരാജ്യങ്ങളേയും ബാധിച്ചേക്കാം; മുന്നറിയിപ്പുമായി യു.എസ്,ഇന്ത്യയിലും ജാഗ്രത

വാഷിങ്ടണ്‍: ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്. ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും അത് മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

പുതുവര്‍ഷാദ്യം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ബെയ്ജിങ്ങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയില്‍ രോഗബാധയിലുണ്ടാവുന്ന ക്രമാതീതമായ വര്‍ധന ആഗോള സാമ്പത്തിക മേഖലയേയും മോശമായി ബാധിച്ചേക്കാമെന്നും അമേരിക്ക കരുതുന്നു. ‘ചൈനയുടെ ജി.ഡി.പി. കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നുണ്ട്. കോവിഡ് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ അത് ചൈനയ്ക്ക് മാത്രമല്ല, ആഗോളതലത്തിലും നല്ലതായിരിക്കും’, പ്രൈസ് പറഞ്ഞു.

സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു എന്നും കരുതപ്പെടുന്നുണ്ട്. അതേസമയം, യു.എസ് വക്താവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് തയ്യാറായില്ല.

പടിഞ്ഞാറന്‍ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് അനവധി ആളുകള്‍ മരിച്ചിരുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തവരാണ് കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട് തീപ്പിടിത്തത്തില്‍ മരണപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും വൈറസ് വകഭേദങ്ങളേയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നവംബര്‍ 19-നും 23-നും ഇടയില്‍ നാല് കോവിഡ് മരണം മല്ലാതെ മറ്റു കോവിഡ് മരണങ്ങളൊന്നും ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ബെയ്ജിങ്ങില്‍ കോവിഡ് മൂലം മരിക്കുന്നവരെ സംസ്‌കരിക്കുന്ന ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രികളെല്ലാം തന്നെ കോവിഡ് ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കും തിരക്ക് വര്‍ധിച്ചിരിക്കുകയാണെന്നും അതിനാല്‍ 24 മണിക്കൂറും ജോലിചെയ്യേണ്ട സ്ഥിതിയാണെന്നും ശ്മശാനത്തിലെ ജോലിക്കാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 30-40 മൃതശരീരങ്ങള്‍ എത്തിയിരുന്നിടത്ത് 200 ഓളം മൃതദേഹങ്ങള്‍ എത്തുന്നുണ്ടെന്നും അര്‍ധരാത്രിയിലും പുലര്‍ച്ചെയും വരെ ശ്മശാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജീവനക്കാരില്‍ പലര്‍ക്കും കോവിഡ് പിടിപെട്ടതായും ബെയ്ജിങ്ങിലെ ഡോങ്ജിയാവോ ക്രിമേറ്ററിയത്തിലെ ജീവനക്കാരി പറഞ്ഞു.

അടുത്ത 90 ദിവസത്തിനുള്ളില്‍ ചൈനയിലെ 60 ശതമാനവും ആഗോളതലത്തില്‍ 10 ശതമാനവും ജനങ്ങളെ കോവിഡ് ബാധിച്ചേക്കാമെന്നും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കാമെന്നും പകർച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് ഇക്കോണമിസ്റ്റുമായ അമേരിക്കന്‍ ഗവേഷകന്‍ എറിക് ഫീഗല്‍-ഡിങ് പറയുന്നു. രോഗം വരണമെന്നുള്ളവര്‍ക്ക് രോഗം ബാധിച്ചോട്ടെയെന്നും മരിക്കണമെന്നുള്ളവര്‍ മരിക്കട്ടെയെന്നുമാണ് ചൈനീസ് ഭരണകൂടം കരുതുന്നതെന്നും ഡിങ് കൂട്ടിച്ചേര്‍ക്കുന്നു.

മരണസംഖ്യയുടേയോ രോഗബാധിതരുടേയോ കൃത്യമായ കണക്ക് ലഭ്യമല്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് ചൈനയില്‍ ദിവസങ്ങള്‍തന്നെ വേണ്ടിവരുന്നില്ലെന്നും ഇപ്പോഴതിന് മണിക്കൂറുകള്‍തന്നെ മതിയെന്നും ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. പിസിആര്‍ ടെസ്റ്റുകളുടെ കുറവ് രോഗബാധിതരുടെ കൃത്യമായ കണക്ക് കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു.

ഐബുപ്രൂഫന്‍ ഗുളികകള്‍ തേടി മരുന്നുകടകളിലേക്ക് ജനങ്ങള്‍ എത്തുകയാണ്. പലയിടത്തും ഗുളികകള്‍ കിട്ടാനില്ലെന്നും പരാതിയുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മാത്രം ആംബുലന്‍സുകള്‍ക്കായി വിളിച്ചാല്‍ മതിയെന്ന് ബെയ്ജിങ് എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ഡിസംബര്‍ ആദ്യം നിർദേശിച്ചിരുന്നു. ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ലാത്തതും രോഗികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനവും ചൈനയുടെ ആരോഗ്യമേഖലയെ അലട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കും അടിയന്തര ചികിത്സയ്ക്കായി വകയിരുത്തുന്ന തുകയുടെ കുറവും ചൈനയിലെ 140 കോടി ജനങ്ങളെയും കോവിഡ് ബാധയിലേക്ക് നയിക്കുമെന്ന ആശങ്കയുയർത്തുന്നു.

ചൈനയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കരുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. INSACOG ശൃംഖലയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും വൈറസ് വകഭേദങ്ങളേയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജപ്പാന്‍, യുഎസ്, കൊറിയ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിയ്ക്ക് കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ എല്ലാ ദിവസവും INSACOG ലാബുകളിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker