ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ ഒരുങ്ങി റെയില്‍വേ. ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വലയുന്നതില്‍ മുന്നില്‍ രാജ്യത്തെ ഗ്രാമീണ മേഖലകളാണ്. കൊറോണ രോഗത്തെ തുടര്‍ന്ന ഈ പ്രതിസന്ധി മറികടക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്.
രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വേ. ഇതിനൊപ്പം വെന്റിലേറ്ററുകളും നിര്‍മിക്കും. എല്‍എച്ച്ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുകയാണ്.
കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് കോച്ചുകള്‍ നിര്‍മിക്കുന്നത്. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര സ്ഥലങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി.