ഭുവനേശ്വർ:വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോൾ പണം ബാഗിൽ നിറച്ച് അടുത്ത കെട്ടിടത്തിലേക്ക് എറിഞ്ഞ് ഒഡീഷയിലെ സർക്കാർ സർവീസിലെ മുതിർന്ന എഞ്ചിനീയർ.വിജിലൻസ് അഴിമതി വിരുദ്ധ വിഭാഗം റെയ്ഡിനെത്തിയപ്പോഴാണ് ഒഡീഷ പോലീസ് ഹൗസിങ് ആൻഡ് വെൽഫെയർ കോർപ്പറേഷന്റെ ഡെപ്യൂട്ടി മാനേജർ പ്രതാപ് കുമാർ സമൽ പണം നിറച്ച ബാഗ് അടുത്ത കെട്ടിടത്തിലേക്ക് എറിഞ്ഞത്. 20 ലക്ഷത്തോളം രൂപയാണ് ബാഗിലുണ്ടായിരുന്നത്.
വിജിലൻസ് ഉദ്യോഗസ്ഥർ പ്രതാപ് കുമാർ സമലിന്റെ വീട്ടിലെത്തിയതോടെ പരിഭ്രാന്തനായ ഇയാൾ പണം ഒളിപ്പിക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പണം അടങ്ങിയ ബാഗ് അയൽക്കാരന്റെ കെട്ടിടത്തിന്റെ ടെറസിലേക്ക് എറിയുകയായിരുന്നു. ഇവിടെ നിന്ന് 20 ലക്ഷം രൂപ കണ്ടെത്തിയതായും വീട്ടിൽ നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപ പിടിച്ചെടുത്തതായും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വരുമാന സ്രോതസ് വ്യക്തമാക്കാത്ത സ്വത്ത് കൈവശം വെച്ചതിനാണ് പ്രതാപ് കുമാർ സമലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. ഭുവനേശ്വറിലെയും ഭദ്രക്കിലെയും 10 വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇവിടെ നടത്തിയ പരിശോധനകളിൽ അദ്ദേഹത്തിന്റേയും പത്നിയുടേയും പേരിലുള്ള 38.12 ലക്ഷം രൂപയും 25 ഓളം സ്വത്തുവകകളും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതാപ് കുമാറിന്റെ ഉടമസ്ഥതയിൽ ഭദ്രക് ജില്ലയിൽ അഞ്ച് വസ്തുവകകളും ഒരു കെട്ടിടവും ഭുവനേശ്വറിൽ 17 വസ്തുവകകളും ഖുർദയിൽ രണ്ട് കെട്ടിടവുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭുവനേശ്വർ നഗരത്തിലെ കെട്ടിടത്തിന് മാത്രം 3.89 കോടി വിലമതിക്കുന്നുതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയ്ഡ് പുരോഗമിക്കുന്നതിനാൽ ഇയാളുടെ ഉടമസ്ഥലയിലുള്ള സ്വത്തുവകകളുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.