സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന; നടപടി ആം ആദ്മിയുമായി കൈകോര്‍ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. മുംബൈയിലും ലഖ്‌നൗവില്‍ സോനുവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലുമുള്‍പ്പെടെ ആറ് സ്ഥലങ്ങളിലാണ് വകുപ്പ് പരിശോധന നടത്തിയത്.

അടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ താരം ആം ആദ്മിയുമായി കൈകോര്‍ക്കുമെന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. എന്നാല്‍ രാഷ്ട്രീയ പ്രവേശനമുള്‍പ്പെടെയുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ അന്ന് സോനു സൂദ് വിസമ്മതിച്ചിരുന്നു.

രാഷ്ട്രീയമായി ഒരു പ്രസ്താവന സോനു സൂദ് നടത്തിയിട്ടില്ലെന്നും താരം അറിയിച്ചിരുന്നു. അതേസമയം, ആദായനികുതി വകുപ്പിനെതിരേ വിമര്‍ശനങ്ങളുമായി ആംആദ്മി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നു. ലക്ഷക്കണക്കിനാളുകള്‍ ആദരവോടെയും ദൈവതുല്യനായും കാണുന്ന ഒരാളെ ഇത്തരത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് പകപോക്കലാണെന്ന് പാര്‍ട്ടി പ്രതികരിച്ചു.

കോവിഡ് വ്യാപനകാലത്ത് സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത ബോളിവുഡിലെ ഈ ‘സ്ഥിരം വില്ല’ന് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News