ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ തലവനായി രാഹുൽ നവീനെ നിയമിച്ച് കേന്ദ്ര സർക്കാർ. നിലവിൽ ഇഡിയുടെ താൽക്കാലിക ഡയറക്‌ടറായി സേവനം അനുഷ്‌ഠിക്കവെയാണ് രാഹുൽ നവീനെ പൂർണസമയ ഡയറക്‌ടറായി മന്ത്രിസഭ നിയമിച്ചതായുള്ള പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം ഉത്തരവിറങ്ങിയത്. 57കാരനായ രാഹുലിന് രണ്ട് വർഷത്തെ കാലാവധിയാണുള്ളത്. ഗോവിന്ദ് മോഹൻ ഐഎഎസ് പുതിയ ആഭ്യന്തര സെക്രട്ടറിയായും ചുമതലയേൽക്കും.
1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് രാഹുൽ നവീൻ. 2023 സെപ്‌തംബർ മുതൽ ഇഡിയുടെ താൽക്കാലിക ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു. ഇക്കാലയളവിലാണ് രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാരെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്. ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കേജ്‌രിവാളിനെയും വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും അന്ന് ഇ.ഡി അറസ്‌റ്റ് ചെയ്‌തിരുന്നു.
സഞ്‌ജയ് കുമാർ മിശ്രയെ ഇഡി ഡയറക്‌ടറായി കേന്ദ്ര സർക്കാർ തുടർച്ചയായി നിയമിച്ചതിനെ സുപ്രീം കോടതി തള്ളുകയും അത് നിയമവിരുദ്ധമെന്ന് പറയുകയും ചെയ്‌തതോടെയണ് രാഹുൽ നവീന് താൽക്കാലിക ചുമതല കേന്ദ്ര സർക്കാർ നൽകിയിരുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറായി മിശ്രയെ തന്നെ നിയമിക്കണമെന്ന് കേന്ദ്രത്തിന്റെ നിരന്തരമായ ആവശ്യത്തോട് വകുപ്പ് മേധാവിയൊഴികെ ബാക്കി വകുപ്പിൽ കഴിവില്ലാത്തവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.