വിവാഹവാഗ്ദാനം, ബലാത്സംഗം,കുഞ്ഞുവേണം,ഗർഭഛിദ്രം; മൂന്നുകേസിലും രാഹുൽ സ്ത്രീകളോട് ചെയ്തത് ഒരേ ക്രൂരത

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത്തെ ബലാത്സംഗക്കേസും. തിരുവല്ല സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകിയ ബലാത്സംഗംചെയ്‌തെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമുള്ള പരാതിയിലാണ് മൂന്നാമത്തെ കേസും രജിസ്റ്റർചെയ്തത്. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഞായറാഴ്ച പുലർച്ചെ പാലക്കാട്ടെ ഹോട്ടലിൽനിന്ന് പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റ്‌ചെയ്തു. നിലവിൽ രാഹുലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്യുകയാണ്.

ഇതുവരെ രജിസ്റ്റർചെയ്ത മൂന്ന് ബലാത്സംഗക്കേസുകളിലും പരാതിപ്രകാരം രാഹുൽ അതിജീവിതമാരെ ചൂഷണംചെയ്തത് ഒരേരീതിയിലാണ്. ഒരേരീതിയിൽ ഇവരുമായി അടുപ്പം സ്ഥാപിക്കുകയും കുഞ്ഞുവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നാണ് മൂന്ന് പരാതികളിലും പറയുന്നത്. രണ്ടാമത്തെ കേസിലൊഴികെ ബാക്കി രണ്ട് കേസുകളിലും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ആരോപണവും രാഹുലിനെതിരേയുണ്ട്.

2025-ലാണ് രാഹുൽ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാരോപണങ്ങൾ ആദ്യം ഉയർന്നുവന്നത്. രാഹുൽ ബലാത്സംഗംചെയ്‌തെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമായിരുന്നു ആരോപണം. രാഹുലിനെതിരായ ചില ശബ്ദശകലങ്ങളും ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. രാഹുലിൽനിന്ന് ദുരനുഭവം നേരിട്ട ചില യുവതികളും രാഹുലിനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

അതേസമയം, ശബ്ദശകലങ്ങൾ പ്രചരിച്ചെങ്കിലും ആദ്യഘട്ടത്തിൽ രാഹുലിനെതിരേ ആരും പരാതികളൊന്നും നൽകിയിരുന്നില്ല. എന്നാൽ, മറ്റുചിലർ നൽകിയ പരാതിയിൽ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് രാഹുലിനെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. പക്ഷേ, പരാതിക്കാർ നേരിട്ട് മൊഴി നൽകാത്തതിനാൽ കേസന്വേഷണം വഴിമുട്ടി. ഇതേസമയം, ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് രാഹുലും പ്രതികരിച്ചു. എന്നാൽ, 2025 നവംബർ 27-ന് പീഡനത്തിനിരയായ യുവതികളിലൊരാൾ രാഹുലിനെതിരേ ആദ്യമായി രേഖാമൂലം നൽകി. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ആദ്യത്തെ പരാതിക്കാരി ഡിജിറ്റൽ തെളിവുകളടക്കമുള്ള പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനവും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമായിരുന്നു ആദ്യത്തെ പരാതിയിലും പറഞ്ഞിരുന്നത്. പിന്നാലെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ, പരാതിക്കാരി നേരിട്ടെത്തി പരാതി നൽകിയെന്ന വിവരം പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ദിവസങ്ങളോളം പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയിട്ടും എംഎൽഎയെ കണ്ടെത്താനായില്ല.

ഇതിനിടെ, രാഹുൽ മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചു. ഗർഭത്തിന് ഉത്തരവാദി താനല്ലെന്നും യുവതിയുടെ ഭർത്താവാണെന്നും യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും രാഹുൽ വാദിച്ചു. ഇതിനിടെ, കെപിസിസി നേതൃത്വത്തിന് രാഹുലിനെതിരേ രണ്ടാമത്തെ പരാതി ലഭിച്ചു. ബെംഗളൂരുവിലുള്ള യുവതിയാണ് ഇ-മെയിൽ വഴി കെപിസിസി നേതൃത്വത്തിന് പരാതി നൽകി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ഈ പരാതിയിലെ ആരോപണം. എതിർപ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗംചെയ്‌തെന്നും പരിക്കേൽപ്പിച്ചെന്നും കുഞ്ഞിനായി നിർബന്ധിച്ചെന്നും പരാതിയിലുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വം പരാതി പോലീസിന് കൈമാറി. ഇതോടെ രാഹുലിനെതിരേ രണ്ടാമത്തെ ബലാത്സംഗക്കേസും രജിസ്റ്റർചെയ്തു.

ഡിസംബർ നാലിന് ആദ്യത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരത്തെ കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തൊട്ടുപിന്നാലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. എന്നാൽ, മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പോലീസിന് രാഹുലിനെ പിടികൂടാനായില്ല. തുടർന്ന് രാഹുൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. 2025 ഡിസംബർ ആറിന് ഹർജി തീർപ്പാക്കുംവരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ ഡിസംബർ പത്തിന് രണ്ടാമത്തെ ബലാത്സംഗക്കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

താത്കാലിക ആശ്വാസം ലഭിച്ചതോടെ ഒളിവിലായിരുന്ന രാഹുൽ വീണ്ടും പുറത്തിറങ്ങി സജീവമായി. ഡിസംബർ 11-ന് തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുമെത്തി. പിന്നാലെ അടൂരിലെ സ്വന്തം വീട്ടിലുമെത്തി. ഡിസംബർ 18-ന് ആദ്യ ബലാത്സംഗക്കേസിൽ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടി. ഇതേസമയം, 2026 ജനുവരി ആറിന് ആദ്യ കേസിലെ പരാതിക്കാരിയുടെ ഭർത്താവ് രാഹുലിനെതിരേ പരാതിയുമായി രംഗത്തെത്തി. രാഹുൽ തന്റെ കുടുംബജീവിതം തകർത്തെന്നും തന്നെ അപമാനിച്ചെന്നുമായിരുന്നു ഇയാളുടെ ആരോപണം. തന്റെ പരാതിയിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചു. 2026 ജനുവരി ഏഴിന് ആദ്യകേസിലെ അറസ്റ്റ് തടഞ്ഞ ഉത്തരവ് കോടതി ജനുവരി 21 നീട്ടി. പരാതിക്കാരിയെയും ജാമ്യഹർജിയിൽ കേസിൽ കക്ഷിചേർത്തു.

രണ്ട് ബലാത്സംഗക്കേസുകളിൽ കോടതികളിൽനിന്ന് താത്കാലിക ആശ്വാസം നേടി, പൊതുപരിപാടികളിലടക്കം വീണ്ടും സജീവമാകുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത്തെ പരാതിയെത്തിയത്‌. വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരി. ഒരാഴ്ച മുൻപ് മുഖ്യമന്ത്രിക്കാണ് ഈ യുവതിയും ഇ-മെയിൽ മുഖേന പരാതി നൽകിയത്. ശബ്ദശകലങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളും കൈമാറി. പോലീസിന് പരാതി കൈമാറിയതോടെ എസ്‌ഐടി അന്വേഷണ ഉദ്യോഗസ്ഥ ജി. പൂങ്കുഴലി ഐപിഎസ് വീഡിയോ കോൺഫറൻസ് വഴി പരാതിക്കാരിയുടെ മൊഴിയെടുത്തു.

മൂന്നാമത്തെ പരാതി പുറത്തറിയാതിരിക്കാനും രാഹുൽ ഒളിവിൽപോവുകയോ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യാതിരിക്കാനും പോലീസ് അതീവജാഗ്രതയാണ് പുലർത്തിയത്. അതിനാൽ തന്നെ മൂന്നാമത്തെ കേസിൽ അതീവരഹസ്യമായിരുന്നു പോലീസ് നടപടികൾ. 2026 ജനുവരി 11-ന് പുലർച്ചെയോടെ പാലക്കാട്ടെ ഹോട്ടലിൽ പോലീസ് സംഘം എത്തിയപ്പോഴാണ് രാഹുൽ മൂന്നാമത്തെ കേസിനെക്കുറിച്ച് അറിഞ്ഞത്. ആദ്യം എതിർത്തെങ്കിലും പിന്നീട് അറസ്റ്റിന് വഴങ്ങി. പിന്നാലെ പ്രതിയെയും കസ്റ്റഡിയിലെടുത്ത് പോലീസ് സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു.

മൂന്നാമത്തെ ബലാത്സംഗപരാതിയിലും രാഹുലിനെതിരേ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. അതിക്രൂരമായ ബലാത്സംഗമാണ് നേരിട്ടതെന്നും സാമ്പത്തികമായും വലിയരീതിയിൽ ചൂഷണംചെയ്‌തെന്നും പരാതിയിൽ ആരോപിക്കുന്നു.

വിവാഹബന്ധത്തിൽ പ്രശ്‌നമുണ്ടായ ഘട്ടത്തിലാണ് രാഹുൽ സൗഹൃദം സ്ഥാപിച്ചത്. സാമൂഹികമാധ്യമം വഴി ചാറ്റിങ് പതിവായി. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേരിട്ടുകാണാമെന്ന് രാഹുൽ പറഞ്ഞു. പുറത്തുവെച്ച് കാണാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, രാഹുൽ ഹോട്ടൽമുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. മുഖത്തടിച്ചു. മുഖത്തേക്ക് തുപ്പി.

ഇതിനുശേഷം വിവാഹംചെയ്‌തോളാമെന്ന് വാഗ്ദാനംചെയ്തു. താനുമായുള്ള ബന്ധം അകലാതിരിക്കാൻ ഒരു കുഞ്ഞുവേണമെന്ന് രാഹുൽ നിർബന്ധിച്ചു. എന്നാൽ, ഗർഭം ധരിച്ചപ്പോൾ രാഹുലിന്റെ സ്വഭാവംമാറി. ഗർഭത്തെ സംശയിച്ചു. മറ്റൊരാളുടെ ഗർഭമാണെന്ന് പറഞ്ഞ് പുച്ഛിച്ചു. ഗർഭം രാഹുലിന്റേതാണെന്ന് തെളിയിക്കാൻ താൻ മെഡിക്കൽ ഏജൻസിയെ സമീപിച്ചു. ഡിഎൻഎ സാമ്പിളിനായി രാഹുലിനെ സമീപിച്ചെങ്കിലും രാഹുൽ അതിന് തയ്യാറായില്ല. ഇതിനിടെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഗർഭം അലസിപ്പോയി. സംഭവത്തിൽ പരാതിയുമായി മുന്നോട്ടുപോകുമെന്ന് അടുത്തിടെ രാഹുലിനെ അറിയിച്ചിരുന്നു. എന്നാൽ, വലിയ ഭീഷണിയാണ് നേരിടേണ്ടിവന്നത്. തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി.

വലിയരീതിയിൽ തന്നെ സാമ്പത്തികമായും ചൂഷണംചെയ്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വിലകൂടിയ വാച്ചും ചെരിപ്പും വസ്ത്രങ്ങളും വാങ്ങാൻ പണം ആവശ്യപ്പെട്ടു. ചെരിപ്പിന് പതിനായിരം രൂപ വരെയാണ് നൽകിയതെന്നും പരാതിക്കാരി ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News