പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഹോട്ടലിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശനിയാഴ്ച അർധരാത്രി 12.30ഓടെയാണ് രാഹുലിനെ അതീവ രഹസ്യ ഓപ്പറേഷനിലൂടെ കസ്റ്റഡിയിൽ എടുത്തത്. പാലക്കാടുള്ള കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മഞ്ഞ ടീ ഷർട്ട് ആണ് അറസ്റ്റിലാകുമ്പോൾ രാഹുൽ ധരിച്ചിരുന്നത്.
ബലാത്സംഗ പരാതി വന്നതിന് പിന്നാലെ രാഹുലിനോട് താമസിച്ചിരുന്ന ഫ്ലാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മണ്ഡലത്തിൽ എത്തുമ്പോൾ കെപിഎം ഹോട്ടലിലായിരുന്നു രാഹുലിന്റെ താമസം. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കാനെത്തിയതിനെത്തുടർന്ന് രാഹുൽ കെപിഎം ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.
പോലീസ് എത്തിയപ്പോൾ കൂടെ പോകാൻ ആദ്യം രാഹുൽ വിസമ്മതിച്ചെങ്കിലും പിന്നീട് കൂടെ ഇറങ്ങുകയായിരുന്നു. മൂന്നാമത്തെ പരാതി പോലീസിന് മുമ്പിലെത്തിയത് മുതൽ അതീവ രഹസ്യമായാണ് സംഘം നീങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ രാഹുൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കെപിഎം ഹോട്ടലിൽ രാഹുലെത്തിയപ്പോൾ അന്വേഷണ സംഘവും രഹസ്യമായി അവിടെ എത്തിയിരുന്നു. തുടർന്ന് പഴുതടച്ച നീക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്.


