തിരുവനന്തപുരം: ലൈംഗികാതിക്രമപരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യഹർജി പ്രിൻസിപ്പൽ ജില്ലാസെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. അറസ്റ്റ് ചെയ്യുന്നതിന് കോടതി ഒരുതടസ്സവും ഇതുവരെ ഉന്നയിച്ചിട്ടില്ല. എവിടെയാണെന്നതിനെക്കുറിച്ചും വിവരമില്ല. പോലീസ് തിരയുന്നതിനിടയിലും രാഹുൽ വെള്ളിയാഴ്ച തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് ജാമ്യഹർജിയിൽ ഒപ്പിട്ടതെന്നാണ് വിവരം.
ഹർജിയിൽ രാഹുൽ ഉന്നയിച്ച കാര്യങ്ങളെല്ലാം തള്ളുന്ന മൊഴിയാണ് കഴിഞ്ഞ ദിവസം യുവതി നൽകിയിരുന്നത്. യുവതി വിവാഹിതയാണെന്നും ഗർഭിണിയായതിന്റെ ഉത്തരവാദി താനല്ലെന്നുമാണ് രാഹുൽ പറഞ്ഞത്. 2024 ഓഗസ്റ്റ് 22-നായിരുന്നു വിവാഹമെന്നും ഭർത്താവുമൊത്ത് കഴിഞ്ഞത് നാലുദിവസം മാത്രമാണെന്നുമാണ് യുവതിയുടെ മൊഴി. ഒരുമാസമായപ്പോഴേക്കും വിവാഹബന്ധം ഒഴിഞ്ഞു. പിന്നീട് അഞ്ചുമാസത്തിനുശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്ന് മൊഴിനൽകിയതായാണ് വിവരം.
യുവതി വിവാഹിതയാണെന്ന് അറിയാമായിരുന്നെന്നും ഭർത്താവിന്റെ ഉപദ്രവം വിവരിച്ചാണ് സംസാരിച്ചതെന്നുമാണ് രാഹുൽ വിശദീകരിക്കുന്നത്.


