ചെന്നൈ: ശ്രീലങ്കയ്ക്കുസമീപം നിലകൊണ്ട ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നൈയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റ് കരയിൽ കടക്കാൻ സാധ്യതയില്ല. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാവിലേക്കും ഇടയിൽ തീവ്രന്യൂനമർദമായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ കനത്ത മഴ തുടരുകയാണ്.
ഇതിന്റെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയും ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ അതിശക്തമായ മഴ പെയ്യും. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 60-70 കിലോമീറ്ററായി ഉയരുമെന്നും അറിയിച്ചു.
ഞായറാഴ്ച തീരദേശജില്ലകളിൽ 20 സെന്റീമീറ്ററിനു മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചെന്നൈക്ക് സമീപമെത്തുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചെന്നൈക്ക് സമീപമെത്തുമ്പോൾ കരയിൽനിന്ന് 30 കിലോമീറ്റർ ദൂരത്തുകൂടി ബംഗാൾ ഉൾക്കടലിലൂടെ ചുഴലിക്കാറ്റ് നീങ്ങും. സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ നാഗപട്ടിനത്തിൽ രേഖപ്പെടുത്തി. 20 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ചെന്നൈയിൽനിന്നുള്ള 56 വിമാനങ്ങൾ റദ്ദാക്കി
ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 56 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളി, മധുര, തൂത്തുക്കുടി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
അതേസമയം, ശ്രീലങ്കയിലേക്കൊഴികെ മറ്റുരാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ പതിവുപോലെ സർവീസ് നടത്തി.
ഡിറ്റ്‌വാ ചുഴലിക്കാറ്റിനെത്തുടർന്ന് കാവേരി നദീതീര ജില്ലകളിൽ ശനിയാഴ്ച ശക്തമായ മഴ പെയ്തു. നാഗപട്ടിനം, തിരുവാരൂർ, കടലൂർ, മൈലാടുതുറൈ, ശിവഗംഗ, തഞ്ചാവൂർ,പുതുക്കോട്ട, രാമനാഥപുരം, മധുര ജില്ലകളിൽ വെള്ളിയാഴ്ച മുതൽ ആരംഭിച്ച മഴ ശനിയാഴ്ചയും തുടർന്നു. വെള്ളം കയറി 28 കുടിലുകൾ പൂർണമായും തകർന്നു. ചെന്നൈ,ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ശനിയാഴ്ച വൈകീട്ടോടെ മഴ തുടങ്ങി. കാറ്റിന്റെ വേഗവും കൂടി.
തുടർച്ചയായി മഴ പെയ്യുന്നതിനാൽ കാവേരി നദി തീരദേശ ജില്ലകളിലെ പല വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ വീടുകളിലെ 1038 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.
സംസ്ഥാനത്ത് 138 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് ആരംഭിച്ചത്. മഴ പെയ്യുന്ന സ്ഥലങ്ങളിലുള്ളവർക്ക് വീടുകളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
മഴ പെയ്ത് വരുന്ന ജില്ലകളിലെ കുടുംബങ്ങൾക്ക് അഞ്ച് കിലോ അരിയുള്ള കിറ്റുകൾ വിതരണം ചെയ്യും. അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള അഞ്ച് കിലോ അരിയുടെ കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന്. റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ അറിയിച്ചു.
അതേ സമയം, മഴയെത്തുടർന്ന് നാഗപട്ടിനത്തെ 60,000 ഏക്കറിലെ നെൽകൃഷി നശിച്ചതായി കർഷകർ അറിയിച്ചു. ജില്ലയിൽ 1.5 ലക്ഷം ഏക്കർ നെൽകൃഷിയാണുള്ളത്.
തഞ്ചാവൂർ ജില്ലയിൽ കൊയ്യാൻ പാകമായിരുന്ന 5,000 ഏക്കർ നെൽക്കൃഷി വെള്ളത്തിൽ മുങ്ങി. തിരുവാരൂർ,മൈലാടുതുറൈ, കടലൂർ, പുതുക്കോട്ട, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും കൃഷി നാശം വ്യാപകമാണ്. വിളവെടുക്കാൻ പാകമായിരുന്ന നെൽക്കൃഷിയാണ് ഈ ജില്ലകളിലും വെള്ളം കയറി നശിച്ചത്. കനാലുകളിലെ മാലിന്യം നീക്കം ചെയ്യാത്തതാണ് കൃഷിയിടത്തിൽ വെള്ളം കെട്ടി നിൽക്കാൻ പ്രധാനകാരണമെന്ന് കർഷകർ ആരോപിച്ചു. തിരുനെൽവേലി, തൂത്തൂക്കുടി ജില്ലകളിലും വ്യാപകമായ കൃഷിനാശമുണ്ടായി.
രാമനാഥപുരം, നാഗപട്ടിനം, കടലൂർ ജില്ലകളിൽ അതിശക്തമായ കടലേറ്റത്തിൽ തീരപ്രദേശങ്ങളിലെ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. കടലേറ്റത്തിൽ രാമനാഥപുരത്ത് പലയിടങ്ങളും റോഡുകളും കടലെടുത്തു. കാറ്റിന്റെ വേഗം കൂടിയതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചു. തുടർന്നാണ് റോഡുകൾ തകർന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു.


