തിരുവനന്തപുരം: ജയില്‍മോചിതനായ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കിരീടം താഴെ വെക്കണമെന്നും ജനങ്ങള്‍ പിന്നാലെയുണ്ടെന്ന് കേരളത്തിന്റെ ‘രാജാവ്’ ഓര്‍ക്കണമെന്നും പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞ് രാഹുല്‍ പറഞ്ഞു. ജയില്‍മോചിതനായ ഉടന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒമ്പത് ദിവസത്തെയല്ല, ജീവപര്യന്തം ജയിലിലിട്ടാലും ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ഒരടി പോലും പിറകോട്ട് പോകാന്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം ഒരുക്കമല്ല. എത്രയൊക്കെ ഇരുമ്പഴിക്കുള്ളിലാക്കിയാലും പ്രവര്‍ത്തകരെ കല്യാശ്ശേരി മുതല്‍ തിരുവനന്തപുരം വരെ തല്ലിയൊതുക്കിയാലും, നാടിനും ജനങ്ങള്‍ക്കും വേണ്ടി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല, രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്പതുദിവസവും അതിന് മുമ്പും നിര്‍ലോഭമായ പിന്തുണ നല്‍കിയ എന്റെ അമ്മ ഉള്‍പ്പെടെയുള്ള ഈ നാട്ടിലെ മുഴുവന്‍ അമ്മമാരോടും, മുഴുവന്‍ മലയാളികളോടുമുള്ള നന്ദി, വരും ദിവസങ്ങളിലെ ശക്തമായ പോരാട്ടത്തിലൂടെ പ്രതിഫലിപ്പിക്കും. ഒരൊറ്റ കാര്യം. ഈ നാടുവാഴുന്ന രാജാവാണെന്ന് വിചാരിക്കുന്ന പിണറായി വിജയനോട് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കിരീടം താഴെ വെക്കുക, ജനങ്ങള്‍ പിന്നാലെയുണ്ടെന്ന് കേരളത്തിന്റെ ‘രാജാവ്’ ഓര്‍ക്കണം.’ -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടാണ് രാഹുൽ അറസ്റ്റിലായിരുന്നത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മറ്റുരണ്ടുകേസില്‍ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോണ്‍മെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലില്‍വെച്ച് കന്റോണ്‍മെന്റ് പോലീസ് രണ്ടുകേസുകളിലും മ്യൂസിയം പോലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.