FeaturedHome-bannerNationalNews

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ; ജാമ്യം അനുവദിച്ചു

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം. രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരായിരുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം.

2019 ഏപ്രിൽ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് രാഹുൽ ഗാന്ധി പരമാർശം നടത്തിയത്. ‘‘എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’’– രാഹുൽ ഗാന്ധി പറഞ്ഞു. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്നു പറഞ്ഞ രാഹുൽ, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. 

രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്ന് പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു. ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുൻപ് സ്റ്റേ നീക്കി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയിലെ അന്തിമവാദത്തിനു ശേഷം ഇന്ന് വിധിപറയാൻ മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button