പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കം. പാലക്കാട്ട് രാഹുല്‍ റോഡ് ഷോ നടത്തും. ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ പ്രചാരണ പരിപാടിയില്‍ ആണ് രാഹുല്‍ ആദ്യം പങ്കെടുക്കുക.
ഹെലിക്കോപ്റ്ററില്‍ വന്ന് ഇറങ്ങിയ രാഹുല്‍ കോട്ട മൈതാനത്ത് ഷാഫി പറമ്പിലിനായി വോട്ട് തേടി ഇറങ്ങും. പറളിയിലാണ് രാഹുലിന്റെ റോഡ് ഷോയുടെ ആരംഭം. ഡോ. സരിന് വേണ്ടിയും രാഹുല്‍ വോട്ട് തേടും. ശേഷം ഷൊര്‍ണൂര്‍, തൃത്താല എന്നിവിടങ്ങളിലും രാഹുല്‍ പ്രചാരണം നടത്തുന്നുണ്ട്.
അതേസമയം ഇരട്ട വോട്ട് ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്കി. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍ നേരിട്ടെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വ്യാജ വോട്ടര്‍മാരെ ഒഴിവാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വളരെ ശാസ്ത്രീയമായാണ് വ്യാജ വോട്ട് ചെയ്യുന്നതെന്നും മഷി മായ്ക്കാനുള്ള വസ്തുക്കള്‍ സിപിഐഎം വ്യാപകമായി വിതരണം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍വീസ് സംഘടനകളെ ഉപയോഗിച്ചാണ് ആസൂത്രിത ശ്രമം. വ്യാജ വോട്ടില്‍ പങ്കില്ലെങ്കില്‍ സിപിഐഎം ലാഘവ ബുദ്ധിയോട് കൂടി എന്തിന് ഇതിനെ കാണുന്നുവെന്നും ചോദ്യം. ആസൂത്രിതമായി ജനഹിതം അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുന്നെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
കൂടാതെ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യമുണ്ട്. നാലര ലക്ഷത്തില്‍ അധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യം. അഞ്ച് തവണ പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നടപടി ഉണ്ടാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നുണ പറയുന്നുവെന്നും ചെന്നിത്തല. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു.