കൊച്ചി:നടി ആക്രമണകേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കവെ ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമാണെന്ന ആക്ഷേപം ശക്തമാണ്. അടച്ചിട്ട കോടതി മുറിയിലെ നടപടികള്‍ പരസ്യപ്പെടുത്തിക്കൊണ്ടുള്ള പ്രചരങ്ങള്‍ ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ നടക്കുന്നുണ്ടെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. അതിനിടെ വിഷയത്തില്‍ പ്രതികരിക്കുകയാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍.
‘ദിലീപിനും കാവ്യയ്ക്കുമെതിരെ എന്തൊക്കെ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. അമിതാവേശത്തില്‍ രണ്ട് പക്ഷത്ത് നിന്നും വാര്‍ത്തകള്‍ ഇങ്ങനെയൊക്കെയാണെന്ന് കൊടുത്തു കാണാം. അതില്‍ ദിലീപിനോ പ്രോസിക്യൂഷനോ യാതൊരു റോളും ഇല്ല. ദിലീപിനെ കേസില്‍ ആദ്യം ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തെ ആളുകള്‍ കൂവുകയായിരുന്നു.
അദ്ദേഹത്തിന്റെ സ്ഥാപനത്തിനെതിരെ സുഹൃത്തായ നാദിര്‍ഷക്കെതിരെ വളരെ വലിയ ക്യാമ്പെയ്ന്‍ ഉണ്ടായി. ദിലീപിനെ കുറിച്ചുള്ള ആളുകളുടെ മനസ് മാറുന്നത് പിആര്‍ വര്‍ക്ക് കൊണ്ടല്ല, മറിച്ച് ദിലീപിന്റെ ഭാഗത്ത് സത്യമുണ്ടെന്ന തോന്നല്‍ കൊണ്ടാണ്. ഇനി അത് കോടതിയാണ് പറയേണ്ടത്.
ദിലീപ് വിരുദ്ധ പിആര്‍ ആണ് ഇവിടെ നടക്കുന്നത്. ദിലീപിന് വേണ്ടി പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും സംസാരിക്കുന്നുണ്ടെങ്കില്‍ അവര്‍ സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്നത് കൊണ്ട്. അടൂരിനെ പോലൊരാളെ കൊണ്ട് ദിലീപിന് വേണ്ടി പി ആര്‍ വര്‍ക്ക് നടത്താന്‍ പറ്റുമോ? അടൂര്‍, മധു, ശ്രീലേഖ എന്നിവരെ പോലുള്ളവര്‍ക്ക് ദിലീപിനെതിരെ വേട്ടയാടല്‍ മണക്കുന്നു. ഞങ്ങള്‍ എല്ലാവരും ദിലീപിന് വേണ്ടി ഇറങ്ങിയത് അദ്ദേഹത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന തോന്നല്‍ കൊണ്ടാണ്.
ഒരുപാട് നാള്‍ അദ്ദേഹത്തെ വേട്ടയാടി, അദ്ദേഹത്തിന്റെ കുടുംബത്തിനെ വേട്ടയാടി, ഒരു നിരപരാധിയെ ഇങ്ങനെ വേട്ടയാടുകയാണ്. ദിലീപിന് വേണ്ടി പോരാടുന്നത് സഹാനുഭൂതിയും അനുകമ്പയുമാണ്. ദിലീപിനോടുള്ള സ്‌നേഹം കൊണ്ട് മാത്രമല്ല ദിലീപ് നിരപരാധിയാണെന്നുള്ള ഉറച്ച ബോധ്യമുള്ളത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന് വേണ്ടി സംസാരിക്കുന്നത്. ഇരുപക്ഷത്തും തങ്ങളുടെ വാദം ശരിയാണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. നടന്‍ സിദ്ധിഖ് ദിലീപിനെ പിന്തുണയ്ക്കുന്നുണ്ട്. താര താര സംഘടനയായ അമ്മ, മോഹന്‍ലാല്‍ ഇവരൊക്കെ എടുത്ത നിലപാട് നമ്മുക്ക് അറിയാം.
എന്ത് സ്ട്രാറ്റജി എടുത്താലും നടി മഞ്ജുവാര്യരെ തേജോവധം ചെയ്യുന്ന നിലപാട് ശരിയല്ല. അതൊരു പ്രാഥമിക മര്യാദ വേണം. അതിജീവിതയോട് എല്ലാവര്‍ക്കും ബഹുമാനമാണെന്ന് വ്യക്തമാണ്. ഇതുവരെ അവരെ നേരിട്ട് ആക്രമിക്കുന്ന നിലപാടുകള്‍ ആരും എടുത്തിട്ടില്ല. അവര്‍ ഒരുപാട് ബുദ്ധിമുട്ടിയ വ്യക്തിയാണെന്ന് നമ്മുക്ക് അറിയാം. പക്ഷേ ദിലീപിന്റെ കാര്യത്തിലെ സമീപനത്തിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് തര്‍ക്കം ഉണ്ടാകും.
എനിക്ക് ദിലീപ് ജയിക്കണമെന്നാണ്. അതിജീവിതയെ പിന്തുണയ്ക്കുന്ന പ്രകാശ് ബാരെയെ പോലുള്ള ആളുകളുടെ ചിന്താഗതി മറിച്ചാകും. കേരളത്തില്‍ ദിലീപ് വാദികളും വിരുദ്ധരും തമ്മിലുള്ള വടം വലി നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതൊരു ശക്തി മത്സരമായി മാറാതിരിക്കട്ടെ, ന്യായവും നീതിയും നിയമവും ജയിക്കട്ടെ. അതിന്റെ ഒരു വശത്ത് നിന്ന് വലിക്കുന്ന വ്യക്തിയാണെങ്കില്‍ കൂടിയും അങ്ങനെ തന്നെയാണ് നിലപാട്.
മഞ്ജു വാര്യര്‍ എന്ന് പറയുന്നത് ഈ കേസിലെ പ്രധാന സാക്ഷിയാണ്. കേസിന്റേ പ്രേരണയടക്കം തെളിയിക്കുന്നതില്‍ അവരുടെ മൊഴി പ്രസക്തമാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ അവരുടെ മൊഴി എത്രത്തോളം പ്രസക്തമാണെന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് പറയാന്‍ സാധിക്കില്ല. ഇന്നലേയും ഇന്നുമായി നടക്കുന്നത് ശബ്ദ സന്ദേശം ദിലീപിന്റേതാണോ അല്ലയോ എന്ന് തെളിയിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യറെ കോടതിയിലേക്ക് കൊണ്ടുവരുന്നതെങ്കിലും അത് വേറെ വേറെ ചോദ്യങ്ങളിലേക്ക് കടക്കുകയും അപ്പോള്‍ പ്രതിഭാഗവുമായുള്ള തര്‍ക്കത്തിനും ഇടയാക്കും. മഞ്ജു വാര്യര്‍ എന്ത് പറയുന്നു എന്നുള്ളതിന് വളരെ പ്രധാന്യമുണ്ട്. അതുപോലെ നേരത്തെ ഭാഗ്യലക്ഷ്മി ചര്‍ച്ചയില്‍ വെച്ച് പറഞ്ഞത് ദിലീപ്കാവ്യ ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മയാണെന്നാണ്. അങ്ങനെയാണ് നടന്നതെങ്കില്‍ ഈ കേസിന്റെ മോട്ടീവ് തന്നെ നിലനില്‍ക്കുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
വിചാരണയുടെ ഈ ഘട്ടം വളരെ പ്രധാനമാണ്. സാക്ഷി മൊഴികള്‍ ദിലീപിനെതിരായി ട്യൂട്ടര്‍ ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടുണ്ടാകാം. പക്ഷേ ഫിസിക്കല്‍ മാനിഫെസ്‌റ്റേഷന്‍ ഓഫ് എഗ്രിമെന്റ് എന്നൊരു കാര്യം ഇതുവരെ തെളിയിക്കാന്‍ തക്കതൊന്നും പോലീസിന്റെ കൈയ്യില്‍ ഇല്ലെന്നാണ് എനിക്കുള്ള ലഭ്യമായ അറിവ്. അതുകൊണ്ട് തന്നെ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ കാര്യത്തില്‍ പ്രതീക്ഷയുള്ളത്.